‘ഡയമണ്ട് നെക്ലേസി’ൽ അസ്സിസ്റ്റന്റാകാൻ വന്ന ഫഹദ് ഫാസിൽ നായകനായ കഥ പറഞ്ഞ് ലാൽ ജോസ്

February 18, 2020

മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസിൽ. പതിനെട്ടാം വയസിൽ നായകനായെത്തിയ ആദ്യ സിനിമക്ക് ശേഷം വർഷങ്ങളുടെ ഇടവേളയെടുത്താണ് ഫഹദ് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. മടങ്ങി വരവിൽ ചെറിയ വേഷങ്ങളുമൊക്കെയായി മുഖം കാണിച്ച ഫഹദ് ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ നായകനായ കഥ പങ്കു വയ്ക്കുകയാണ് ലാൽ ജോസ്.

‘ഡയമണ്ട് നെക്ലേസി’ൽ അസിസ്റ്റന്റ് ആകാനാണ് ഫഹദ് എത്തിയത്. എന്നാൽ ലാൽ ജോസ് നായകനാക്കുകയായിരുന്നു. അസിസ്റ്റന്റ് ആകാൻ എത്തിയപ്പോൾ ഫഹദ് നല്ല സുന്ദരനായിരുന്നു എന്ന് ലാൽ ജോസ് പറയുന്നു.

‘ഈ വെയിലു കൊണ്ട് നിന്റെ സൗന്ദര്യം കളയണ്ട. നിന്നെ ഈ സിനിമയില്‍ ഞാന്‍ നായകനാക്കാമെന്ന് പറഞ്ഞു. വെറുതെ എന്തിനാ എന്നെ കളിയാക്കുന്നതെന്നായിരുന്നു അവന്റെ മറുപടി. അങ്ങനെ ആ ചിത്രത്തില്‍ അവന്‍ നായകനായി. പക്ഷേ അസിസ്റ്റന്റാകണമെന്ന മോഹമൊന്നും ഫഹദ് മാറ്റിവെച്ചില്ല. അവന്‍ മണിരത്‌നത്തിന്റെ അസിസ്റ്റന്റായി. അതിന് ശേഷം നീലത്താമരയില്‍ ഒരു ചെറിയ ഭാഗം ഡബ്ബ് ചെയ്തു’ ലാൽ ജോസ് പറയുന്നു.

‘കണ്ടുമുട്ടുമ്പോള്‍ തന്നെ അവനില്‍ ഒരു നടനുണ്ടെന്ന് എനിക്കറിയാമായിരുന്നു.എന്നാൽ നായകസങ്കല്‍പ്പത്തിന് ചേര്‍ന്ന രൂപമായിരുന്നില്ല അവന്റേത്. ഫഹദിന്റെ കണ്ണുകള്‍ വാചാലമാണ്. നിഷ്‌കളങ്കതയും വില്ലനിസവുമൊക്കെ വരാന്‍ സാധ്യതയുള്ള കണ്ണുകള്‍. അവന്റെ കണ്ണുകളാണ് എന്നെ ആകര്‍ഷിച്ചത്’.ലാൽ ജോസ് വ്യക്തമാക്കി.

അതേസമയം മലയാളത്തിലെ മുൻനിര നായകനാണ് ഫഹദ് ഫാസിൽ ഇപ്പോൾ. ‘ട്രാൻസ്’ എന്ന ചിത്രമാണ് ഫഹദിന്റേതായി തിയേറ്ററിൽ എത്താനുള്ളത്. ഫഹദും നസ്രിയയും വിവാഹ ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസിൽ തുറയിലാശനായി എത്തുന്ന ‘മാലിക്കും’ അണിയറയിൽ പുരോഗമിക്കുകയാണ്.