കൊറോണ: ദുരന്ത പ്രഖ്യാപനം പിന്‍വലിച്ച് കേരളം, ചൈനയിൽ മരണം 722

February 8, 2020

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 722 ആയി. ഇന്നലെ മാത്രം കൊറോണ ബാധിച്ച് 86 പേർ മരിച്ചു. ഹൊങ്കോങ്കിലെയും ഫിലിപ്പീൻസിലെയും ഓരോ മരണം കൂടി കണക്കാക്കിയാൽ ആകെ മരിച്ചവരുടെ എണ്ണം 724 ആയി. 3399 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ മൂന്ന് പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 2826 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2743 പേര്‍ വീടുകളിലും 83 പേര്‍ ആശുപത്രികളിലുമാണ്. എന്നാൽ കേരളത്തിൽ കൊറോണ വൈറസ് നേരത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം പിന്‍വലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ അറിയിച്ചു.

മറ്റ് 27 രാജ്യങ്ങളിലായി 320 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.