ഹിന്ദി ഡബ്ബ് പതിപ്പിന് 60 മില്യൺ കാഴ്ചക്കാരുമായി ചരിത്രം രചിച്ച് ‘പുലിമുരുകൻ’

February 15, 2020

മലയാള സിനിമ ആദ്യമായി നൂറു കോടി ക്ലബ്ബി ഇടം നേടിയ ചിത്രമായിരുന്നു ‘പുലിമുരുകൻ’. ഉദയ്‌കൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകൻ’ ഇപ്പോൾ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

‘പുലിമുരുകന്റെ’ ഹിന്ദി ഡബ്ബ് പതിപ്പിന് 60 മില്യൺ കാഴ്ചക്കാർ തികഞ്ഞിരിക്കുകയാണ്. ‘ഷേർ ക ശിക്കാർ’ എന്ന പേരിലാണ് ചിത്രം ഹിന്ദിയിൽ ഡബ്ബ് ചെയ്ത് യുട്യൂബിൽ എത്തിയത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടം സ്വന്തമാക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രം കൂടിയായ ‘പുലിമുരുകൻ’ 25 കോടി മുതൽ മുടക്കിലാണ് നിർമ്മിച്ചത്. ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന മുരുകൻ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത്.

Read More:നടക്കാതെ പോയ സ്വപ്നങ്ങളെ കുറിച്ച് അല്ലു അർജുൻ

ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സാംജിത് മുഹമ്മദാണ്. ഗോപി സുന്ദർ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന സിനിമ തിയേറ്ററിലെത്തി 30 ദിവസത്തിനുള്ളിൽ 105 കോടി രൂപ കളക്ഷൻസ് നേടിയിരുന്നു.