തലൈവയിൽ കങ്കണയ്‌ക്കൊപ്പം ഷംന കാസീം; സന്തോഷം പങ്കുവെച്ച് താരം

February 26, 2020

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് തലൈവി. എ എൽ വിജയ് സംവിധാനം നനിർവഹിക്കുന്ന ചിത്രത്തിൽ ജയലളിതയായ് വേഷമിടുന്നത് കങ്കണ രണാവത് ആണ്. ഇപ്പോഴിതാ ചിത്രത്തിൽ ശശികലയായി വേഷമിടുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഷംന കാസീം. ജയലളിതയുടെ സന്തതസഹചാരിയും രാഷ്ട്രീയ നേതാവുമായിരുന്നു ശശികല.

‘തലൈവി’ എന്ന ചിത്രത്തിന്റെ ഭാഗമായ വാർത്ത ഷംന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഉരുക്കു വനിത ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. സംവിധായകൻ എ എൽ വിജയ്ക്കും കങ്കണ രണാവത്, അരവിന്ദ് സ്വാമി എന്നിവർക്കുമൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് വലിയ കാര്യമായി കരുതുന്നുവെന്നും ഷംന അറിയിച്ചു.

ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷമുള്ള ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്. അതേസമയം ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ഇത് സൂചിപ്പിക്കുന്നുണ്ട്. ജയലളിത അഭിനയിച്ച ഒരു പഴയ കാല ചിത്രത്തിലെ നൃത്തരംഗവും ടീസറിൽ ഉൾപ്പെടുത്തിയിരുന്നു.

ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24 (2019 )- നാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

തമിഴ്,  തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ‘തലൈവി’ തിയേറ്ററുകളിലെത്തും. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അതേസമയം ഇതിനുമുമ്പും ജയലളിതയുടെ ജീവിതം പറയുന്ന സിനിമകള്‍ വന്നിരുന്നു. ‘ക്വീൻ’ എന്ന പേരിൽ ജയലളിതയുടെ ജീവിതം പറയുന്ന വെബ് സീരീസും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമ്യ കൃഷ്ണനും ഇന്ദ്രജിത്തുമാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദ് അയണ്‍ ലേഡി’യാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. നിത്യ മേനോനാണ് ഈ ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. നിര്‍മാതാവായ ആദിത്യ ഭരദ്വാരാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ടു വന്നിരുന്നു. ‘തായ്: പുരട്ചി തലൈവി’ എന്നാണ് ഈ ചിത്രത്തിന്റെ പേര്.

അതേസമയം കങ്കണ റണാവത് ജയലളിതയാകുന്നു എന്ന വാര്‍ത്തയും ചലച്ചിത്രലോകം പ്രതിക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴിൽ ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ ‘ജയ’ എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്.