ട്രാൻസ് എത്താൻ മൂന്ന് ദിവസം മാത്രം; റിവൈസിംഗ് കമ്മറ്റി ഇന്ന് ചിത്രം കാണും

February 11, 2020

കുറച്ചു നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. രണ്ടു വർഷത്തിലധികമായി അനൗൺസ് ചെയ്ത ചിത്രത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിൽ ഫഹദിന്റെ നായികയായി നസ്രിയ നാസിം എത്തുന്നുവെന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഫഹദിനും നസ്രിയയ്ക്കും പുറമെ ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ശ്രീനാഥ്‌ ഭാസി, ദിലീഷ് പോത്തൻ,ഗൗതം മേനോൻ തുടങ്ങി നിരവധി താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വമ്പൻ താരനിരകൾ ഒന്നിക്കുന്ന ചിത്രം ഫെബ്രുവരി 14 ആം തിയതിയാണ് റിലീസ് ചെയ്യുന്നത്. എന്നാൽ സെന്‍സർ ബോർഡ് ഈ ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന ദൃശ്യങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണത്താലാണ് ഈ രംഗങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. ഹൈദരാബാദിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റി ഇന്ന് ചിത്രം കാണും. ഇതിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഏതൊക്കെ രംഗങ്ങൾ ഒഴിവാക്കണമെന്ന് തീരുമാനിക്കുക.

നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം ചിത്രീകരണം നീണ്ടുനിന്ന ചിത്രമാണ് ട്രാൻസ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. കന്യാകുമാരി സ്വദേശിയായ വിജു പ്രസാദ് എന്ന മോട്ടിവേഷൻ സ്പീക്കറുടെ റോളിലാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. വിജു പ്രസാദിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

Read also:  കൊറോണ: മരണം 1000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 108 പേർ

ഇത്തവണ ചിത്രത്തിൽ ഫഹദിന്റെ വരവിലും സിനിമയുടെ ചിത്രീകരണത്തിലും തികച്ചും വ്യത്യസ്ഥത ഉണ്ടാകുമെന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത പുതുമയായിരിക്കും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതെന്നും സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമൽ നീരദിന്റെ ‘വരത്തനി’ലും നായകനായി എത്തിയത് ഫഹദ് ഫാസിൽ തന്നെയാണ്. അമൽ– ഫഹദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’വും മികച്ച വിജയമായിരുന്നു. അധികം കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ  ഈ ചിത്രവും കാണികളുടെ കൈയടി വാങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.