ഇത് പുതുചരിത്രം; രാജ്യറാണി എക്‌സ്പ്രസിനെ നയിച്ച് വനിതകള്‍: വീഡിയോ

March 3, 2020

സ്ത്രീ ശാക്തീകരണം വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയും. മാര്‍ച്ച് ഒന്നിനാണ് മുഴുവന്‍ ജീവനക്കാരും വനിതകള്‍ ആയിട്ടുള്ള ട്രെയിന്‍ സര്‍വീസ് നടത്തിയത്. ബംഗളൂരുവില്‍ നിന്നും മൈസൂരുവിലേക്കുള്ള രാജ്യറാണി എക്‌സ്പ്രസില്‍ വനിതകള്‍ മാത്രമായിരുന്നു കഴിഞ്ഞ ദിവസത്തെ ജീവനക്കാര്‍. ആദ്യമായാണ് എല്ലാ ജീവനക്കാരും സ്ത്രീകളായിട്ടുള്ള ട്രെയിന്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നത്. യാത്രയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

‘നമ്മുടെ രാജ്യത്തിന്റെ സങ്കീര്‍ണ്ണമായ നഗര റൂട്ടുകളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും വനിതാ ജീവനക്കാര്‍ വിജയകരമായി ട്രെയിന്‍ ഓടിക്കുന്നു’ എന്ന് കുറിച്ചുകൊണ്ട് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വീഡിയോ പങ്കുവെച്ചു. രാജ്യാന്തര വനിതാ ദിനത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ ശാക്തീകരണത്തില്‍ റെയില്‍വേയും പങ്കുചേരുകയാണെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read more: സന്ദര്‍ശകര്‍ തുള്ളിച്ചാടുമ്പോള്‍ കൂടെച്ചാടുന്ന മൃഗരൂപങ്ങള്‍, അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം; അത്ഭുതമാണ് ഈ മൃഗശാല: വീഡിയോ

നിരവധിപ്പേരാണ് വനിതാ ജീവനക്കാര്‍ ട്രെയിന്‍ ഓടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. എല്ലാവര്‍ക്കും പ്രചോദനമാണ് റെയില്‍വേയുടെ ഈ മാതൃകയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വനിതകളുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്.