അച്ഛനോട് വഴക്കിട്ട് മോഹന്‍ലാലിനോടൊപ്പം താമസിക്കാന്‍ വീടുവിട്ടിറങ്ങിയ ആ മൂന്നാം ക്ലാസുകാരന്‍ സംവിധായകനായപ്പോള്‍…

March 18, 2020

ആദ്യ സംവിധാന സംരംഭത്തിലൂടെത്തന്നെ ശ്രദ്ധ നേടി അനൂപ് സത്യന്‍. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് നേടിയതും. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ മകനാണ് അനൂപ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള രസകരമായ ഒരു അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

‘1993, അന്തിക്കാട്: ഞാന്‍ അന്ന് പഠിക്കുന്നത് മൂന്നാം ക്ലാസില്‍. ഒരു ദിവസം അച്ഛനുമായി ബൗദ്ധിക വിഷയങ്ങളില്‍ ചെറിയ തര്‍ക്കമുണ്ടായി. മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീടുവിട്ടിറങ്ങനായിരുന്നു അന്നത്തെ എന്റെ തീരുമാനം. സംഗതി തമാശയായി എടുത്ത അച്ഛന്‍ ഉടനെ മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചു. എന്റെ കൈയില്‍ ഫോണിന്റെ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത അന്നെനിക്ക് ആയിട്ടില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍മിക്കുന്നു.

‘2020- അന്തിക്കാടിന് സമീപം ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്‍റെ ചിരി ഇന്നും അങ്ങനെതന്നെ…’ അനൂപ് സത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രധനാ ആകര്‍ഷണം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി എന്നതാണ്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. കല്യാണി പ്രിയദര്‍ശനാണ് നായിക. താരം നായികയായെത്തുന്ന ആദ്യ മലയാള ചിത്രംകൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.