കൊവിഡ്- 19; പത്ത് വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവരെ വീടിന് പുറത്തുവിടാൻ അനുവദിക്കരുത്, നിയന്ത്രണം കർശനമാക്കി സർക്കാർ

March 19, 2020

കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പത്ത് വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവരെ വീടിന് പുറത്തുവിടാൻ അനുവദിക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചു. കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജിവനക്കാരുടെ സമയത്തിലും മാറ്റങ്ങൾ വരുത്തി.

വീട്ടിലിരുന്ന് ജോലിചെയ്യുന്നത് സ്വകാര്യമേഖലയിലും നിരബന്ധമാക്കണമെന്ന് അധികൃതർ അറിയിച്ചു. അതോടൊപ്പം രാജ്യാന്തര വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 25 ആയി. നിരീക്ഷണത്തിലുള്ളത് 31, 173 പേരാണ്. 237 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. 171 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.