‘ലാലിൻറെ ആദ്യ സംവിധാന ചിത്രത്തിൽ ഭാഗമാകാൻ ഏറെ സന്തോഷം’- ‘ബറോസി’ലെ വേഷം വെളിപ്പെടുത്തി പ്രതാപ് പോത്തൻ

March 5, 2020

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും കൊണ്ടുവന്ന വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരൻ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കുട്ടികൾക്കായി ഒരുക്കുന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് പ്രതാപ് പോത്തൻ.

‘ബറോസി’ൽ മന്ത്രവാദ പാവയായാണ് പ്രതാപ് പോത്തൻ എത്തുന്നത്. അനിമേഷൻ സഹായത്തോടെ രൂപം നൽകുന്ന പാവയ്ക്ക് പ്രതാപ് പോത്തൻ ശബ്ദം നൽകുന്നു. ചിത്രം പ്രീ- പ്രൊഡക്ഷൻ സ്റ്റേജിൽ ആണെന്നും മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭത്തിൽ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തൻ പറയുന്നു.

ബറോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ മോഹൻലാൽ ആണ്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് ഗാമയുടെ പിൻഗാമിക്ക് മാത്രമേ ഈ നിധികൾ കൈമാറുകയുള്ളു.

ഗാമയുടെ പിൻഗാമി എന്ന അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നതോടെ ‘ബറോസി’ന്റെ കഥ ആരംഭിക്കുകയാണ്. ഈ കുട്ടിയുടെ പൂർവികരെ കുറിച്ചറിയാൻ ബറോസ് നടത്തുന്ന യാത്രകളൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവോദയ ജിജോ ആണ് തിരക്കഥ.

കുട്ടികളുടെ ഫാന്റസി ചിത്രമാണ് ‘ബറോസ്’. ബറോസ് ത്രിഡിയിലാണ്  ഒരുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ്’ എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗോവയിലാണ് ‘ബറോസ്’ എന്ന സിനിമയുടെ ചിത്രീകരണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിദേശ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്. സ്പാനിഷ് താരങ്ങളായ റഫേൽ അമാർഗോ, പാസ് വേഗ എന്നിവരാണ് ചിത്രത്തിൽ എത്തുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.