“ശരീരത്തിനേ പരിമിതികളുള്ളൂ, മനസ്സിന് അതില്ല”; ആടുജീവിതത്തിലെ നജീബ് ആയ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്‌

May 27, 2020
Prithviraj Sukumaran shares experience about Aadujeevitham Najeeb

നടനായും നിര്‍മാതാവായും സംവിധായകനായുമെല്ലാം വെള്ളിത്തിരയിലെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പരിപൂര്‍ണ്ണതയിലെത്തിക്കാറുണ്ട് താരം. ‘ആടുജീവിതം’ എന്ന സിനിമയ്ക്കുവേണ്ടി ശരീരഭാരം കുറച്ച്, താടി വളര്‍ത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ആടുജീവിതം സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നജീബ് ആയ അനുഭവം പങ്കുവെച്ചിരിക്കുയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം. ‘ആടുജീവിതത്തിനായി ഷര്‍ട്ട് ഇടാതെയുള്ള രംഗങ്ങളുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം ശരീരത്തില്‍ ഫാറ്റും വിസറല്‍ ഫാറ്റും അപകടകരമാം വിധം കുറഞ്ഞിരുന്നു. ഒരുമാസത്തെ വിശ്രമവും പരിശീലനവും കൊണ്ട് ആ അവസ്ഥയെ മറികടന്നു. അങ്ങേയറ്റം ക്ഷീണിതനായി എന്നെ കണ്ടിട്ടുള്ള ടീം ആംഗങ്ങള്‍ക്ക് ഈ ചിത്രം വലിയ അദ്ഭുതമാകും. ശരീരത്തിന് ആവശ്യമായ ഭാരത്തേക്കാള്‍ കുറവായിരുന്നു ചിത്രീകരണ സമയത്ത് എന്നിക്കുണ്ടായിരുന്നത്. അത് മനസ്സിലാക്കി ക്ഷീണം മാറ്റാന്‍ സമയം തന്ന് ചിത്രീകരണം അതിനനുസരിച്ച് ക്രമീകരിച്ച ബ്ലെസി ചേട്ടനും എന്റെ ടീമിനും പിന്നെ പരിശീലകനും ന്യൂട്രീഷ്യനിസ്റ്റുമായ അജിത് ബാബു ചേട്ടനും നന്ദി. മനുഷ്യന്റെ ശരീരത്തിന് മാത്രമേ പരിമിതി ഉള്ളൂ, മനസ്സിന് അതില്ല’ . ഒരു ചിത്രത്തിനൊപ്പം പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read more: അച്ഛന് കരൾ പങ്കിട്ട് നൽകി മകൻ- യുവസംവിധായകന് പ്രശംസാ പ്രവാഹം

ജോര്‍ദ്ദാനിലെ ചിത്രീകരണത്തിന് ശേഷം ഈ മാസം 22നാണ് പൃഥ്വിരാജും ആടുജീവിതം സിനിമാ സംഘവും കേരളത്തില്‍ മടങ്ങിയെത്തിയത്. നിലവില്‍ ക്വാറന്റീനിലാണ് താരം.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.

Story highlights: Prithviraj Sukumaran shares experience about Aadujeevitham Najeeb