‘ഇച്ചാക്കാ..എന്ന് ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്, സിനിമാ നടന്മാർ എന്നതിന് അപ്പുറത്തേക്ക് നമ്മുടെ സൗഹൃദം വളർന്നിരുന്നു’-മോഹൻലാലിന് പിറന്നാൾ ആശംസിച്ച് മമ്മൂട്ടി

May 21, 2020

മലയാള സിനിമയുടെ ആറാംതമ്പുരാൻ അറുപതിലേക്ക് ചുവടുവയ്ക്കുകയാണ്. നടനാവിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകൾകൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ. ആരാധകരും താരങ്ങളും രാഷ്ട്രീയ- സാംസ്‌കാരിക പ്രവർത്തകരുമെല്ലാം മോഹൻലാലിന് പിറന്നാൾ ആശംസിച്ചു. നടൻ മമ്മൂട്ടി, മോഹൻലാലിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് ഒരു വീഡിയോയിലൂടെയാണ് പിറന്നാൾ ആശംസിച്ചത്. എന്റെ ലാലിന് എന്ന് തുടങ്ങുന്ന വീഡിയോയിൽ മനസ് തൊടുന്ന ഒട്ടേറെ കാര്യങ്ങൾ മമ്മൂട്ടി പങ്കുവയ്ക്കുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ;

ലാലിൻറെ ജന്മദിനമാണിന്ന്. ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ട് ഏകദേശം മുപ്പത്തിയൊൻപത് വർഷം കഴിയുന്നു. പടയോട്ടത്തിന്റെ സെറ്റിലാണ് കാണുന്നത്. ആ പരിചയം ദാ, ഇവിടെ വരെ.. എന്റെ സഹോദരങ്ങൾ എന്നെ വിളിക്കുന്നതുപോലെയാണ് ലാലെന്നെ സംബോധന ചെയ്യുന്നത്, ഇച്ചാക്കാ എന്ന്.. പലരും അങ്ങനെ ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്ക് അത്രക്ക് സന്തോഷം തോന്നിയിട്ടില്ല. ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളിൽ ഒരാൾ എന്ന തോന്നൽ.എനിക്കിപ്പോഴും ഓർമയുണ്ട്, സിനിമയിൽ ഒരുകാലത്ത് നമുക്ക് രണ്ടുപേർക്കും ഒരു പേരായിരുന്നു..അതായത്, രണ്ടുപേരുകളെയും ചേർത്ത് ഒരു പേര്. നമുക്കൊപ്പം കൂടെ അഭിനയിച്ച ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. അന്ന് സിനിമയോട് ഗൗരവമുണ്ടായിരുന്നാലും ജീവിതത്തിൽ വലിയൊരു ഗൗരവമുണ്ടായിരുന്ന ആളുകളല്ല നമ്മൾ. കോളേജ് വിദ്യാർത്ഥികളെ പോലെ തമാശ പറഞ്ഞു കളിച്ചും നടക്കുമായിരുന്നു..പക്ഷെ, നമ്മുടെ തൊഴിലിനോട് വളരെ ഗൗരവത്തോടെയുള്ള സമീപനമായിരുന്നു ഉണ്ടായിരുന്നത്. പരീക്ഷക്ക് മാത്രം പഠിക്കുന്ന വിദ്യാർത്ഥികളെ പോലെ നമ്മൾ തൊഴിലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയുള്ള പരീക്ഷകളിൽ സാമാന്യം നല്ല മാർക്കും കിട്ടിയിട്ടുണ്ട്.

അതുകൊണ്ടാണ് ആളുകൾ നമ്മളെ ഇത്രയും സ്നേഹിക്കുകയൂം ഇത്രയും വാഴ്ത്തുകയും ചെയ്യുന്ന നടന്മാരായി മാറിയത്. പക്ഷെ അതിനു ശേഷമുള്ള നമ്മുടെ യാത്ര വളരെ നീണ്ട ഒരു യാത്രയായിരുന്നു. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോൾ ഐസുപോലെ അലിഞ്ഞുപോകുന്ന ഒരുപാട് അനുഭവങ്ങൾ നമ്മൾ കടന്നുപോയിട്ടുണ്ട്. എന്റെ മോളുടെ വിവാഹം, മകന്റെ വിവാഹം..ഇതെല്ലാം ലാൽ സ്വന്തം വീട്ടിലെ എന്നതുപോലെ ലാൽ നടത്തിത്തന്നത് ഞാൻ ഓർക്കുന്നുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ എന്റെ വീട്ടിൽ വന്ന് അനുഗ്രഹം വാങ്ങി, സ്നേഹം വാങ്ങി, പ്രാർത്ഥനകൾ വാങ്ങി.. ഒരു സിനിമാ നടന്മാർ എന്നതിന് അപ്പുറത്തേക്ക് നമ്മുടെ സൗഹൃദം വളർന്നിരുന്നു. അത് നമ്മുടെ യാത്രയിൽ മറക്കാനാകാത്ത, ഇനിയും മറക്കാത്ത ഒരുപാട് കാര്യങ്ങൾ ഇനിയുമുണ്ട്. ഈ യാത്ര നമുക്ക് തുടരാം..ഇനിയെത്ര കാലം എന്ന് നമുക്കറിയില്ല, പക്ഷെ ഉള്ളകാലം നമ്മൾ യാത്ര ചെയ്യുകയാണ്.

പുഴയൊഴുകുന്നതുപോലെ, കാറ്റ് വീശുന്നതു പോലെയായിരുന്നു നമ്മുടെ യാത്ര. നമ്മുടെ ജീവിത പാഠങ്ങൾ നമുക്ക് പിന്നാലെ വരുന്നവർക്ക് അനുഭവിക്കാനും അറിഞ്ഞു മനസ്സിലാക്കാനുമുള്ള പാഠങ്ങളാകട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാൽ..മലയാളികളുടെ ലാലേട്ടൻ.. മലയാള സിനിമകണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ.

Story highlights-mammootty about mohanlal