ഓർക്കുക: കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ല, ജാഗ്രത ഇനിയും തുടരണം

June 23, 2020
Covid

കേരളം ഇന്നു കൊവിഡ് സാമൂഹികവ്യാപന ഭീഷണിയുടെ വക്കിലാണ്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ലോക്ക്ഡൗൺ ഇളവുകള്‍ വന്നതോടുകൂടി ജനം കൂടുതലായി നിരത്തുകളിലും മാര്‍ക്കറ്റുകളിലും മറ്റു പൊതുയിടങ്ങളിലും എത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക സാഹചര്യമാണ് നിലവിലുള്ളത്. മാത്രമല്ല പൊതുഗതാഗത സംവിധാനം കൂടുതലായി ആരംഭിച്ചുകഴിഞ്ഞു. ആ നിലക്ക് പൊതുജനങ്ങള്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  • ഓട്ടോ, ടാക്സി, മറ്റു സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ കൃത്യമായി നമ്പര്‍, സമയം, തീയതി എന്നിവ കുറിച്ചിടേണ്ടതാണ്.
  • ഓഫീസുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പോകുന്നവര്‍ ഡയറിയില്‍ സമയം തീയതി എന്നിവ കുറിച്ചിടാന്‍ മറക്കരുത്.
  • സംസ്ഥാന അതിര്‍ത്തി കടന്നുള്ള അനധികൃത സന്ദര്‍ശനങ്ങളും ഇടപാടുകളും ഒഴിവാക്കേണ്ടതാണ്.
  • പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കി പകരം വിഷ്വല്‍ കമ്മ്യൂണിക്കേഷൻ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വെര്‍ച്വല്‍ യോഗങ്ങളിലേക്കും പ്രകടനങ്ങളിലേക്കും വ്യക്തികള്‍ നിര്‍ബന്ധമായും മാറേണ്ടതാണ്.
  • 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, ജീവിത ശൈലീ രോഗമുള്ളവര്‍ നിര്‍ബന്ധമായും പൊതുയിടങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
  • അനാവശ്യ യാത്രകളും ആശുപത്രി സന്ദര്‍ശനങ്ങളും ഒഴിവാക്കുക.
  • സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി പ്രയോജനപ്പെടുത്തി പതിവ് പരിശോധനകള്‍ മുടക്കാതിരിക്കുക
  • ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ അവശ്യ മരുന്നുകള്‍ കൂടുതലായി കരുതേണ്ടതാണ്.
  • കൂടാതെ ഇലക്‌ട്രോണിക് ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വീടുകളില്‍ കരുതിയാല്‍ പ്രാഥമിക പരിശോധനകള്‍ നടത്താനും വിവരങ്ങള്‍ ഇ സഞ്ജീവനിയിലൂടെ ഡോക്ടര്‍ക്ക് കൈമാറാനും കഴിയുന്നു.
  • സര്‍ക്കാര്‍ നിശ്ചയിച്ച മാതൃകയില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതാണ്.
  • വിവാഹം, പാലുകാച്ചല്‍ മുതലായ ചടങ്ങുകളില്‍ പരിമിതമായ (50 നു താഴെ) ആളെവച്ചു വളരെ ലളിതമായി സല്‍ക്കാരവും ചടങ്ങുകളും നടത്തേണ്ടതാണ്.
  • പൊതു നിരത്തുകളില്‍ തുപ്പരുത്. പകരം ശരിയായ ചുമശീലങ്ങള്‍ ജീവിതചര്യയുടെ ഭാഗമാക്കുകയുംവേണം..

Story Highlights: Covid updates