ദേ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ണാടിപ്പാലം; ചിത്രങ്ങള്‍

September 7, 2020
Longest Glass Bridge in the World, Lianjiang River, China

കണ്ണാടിപ്പാലം… പേര് കേള്‍ക്കുമ്പോള്‍ തന്നെ ഭയത്താല്‍ ചിലരുടെ നെഞ്ചൊന്ന് പിടയും. എങ്കിലും അപൂര്‍വ്വമായ അനുഭവം സമ്മാനിക്കുന്ന കണ്ണാടിപ്പാലത്തിലൂടെ ഒരുവട്ടമെങ്കിലും നടക്കാന്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ണാടിപ്പാലം ചൈനയില്‍ തുറന്നു. 526 മീറ്ററാണ് പാലത്തിന്റെ നീളം.

തെക്കന്‍ ചൈനയിലെ ഹുവാങ്ചുവാന്‍ ത്രീ ഗോര്‍ജസ് പ്രദേശത്താണ് പാലം സ്ഥിതി ചെയ്യുന്നത്. ലിയാന്‍ജിയാങ് നന്ദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലം അപൂര്‍വ്വ ദൃശ്യാനുഭവങ്ങളായിരിക്കും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക.

പാലത്തിലൂടെ നടക്കുന്നവര്‍ക്ക് നദിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന് ഒപ്പംതന്നെ ചുറ്റുമുള്ള മലയുടേയും കാഴ്ചകള്‍ കാണാം. ബോട്ട് സവാരിക്ക് പേരുകേട്ട നന്ദി കൂടിയാണ് ലിയാന്‍ജിയാങ്. നന്ദിക്ക് കുറുകെയുള്ള കണ്ണാടിപ്പാലവും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.

1.7 ഇഞ്ച് കനത്തിലുള്ള മൂന്ന് ചില്ലുപാളികള്‍ അടുക്കിയാണ് പാലത്തിലെ നടപ്പാത നിര്‍മിച്ചിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് ഗാര്‍ഡ് റെയിലുകളുടെ നിര്‍മാണം. പാലത്തിന്റെ അടിവശം പൂര്‍ണ്ണമായും കണ്ണാടിയാണ്. സെജിയാങ് യൂണിവേഴ്‌സിറ്റിയിലെ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പാലത്തിന്റെ നിര്‍മാണത്തിന് പിന്നില്‍. ഫോട്ടോയെടുക്കാനുംമറ്റുമായി പ്രത്യേക പ്ലാറ്റ്‌ഫോമുകളും പാലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

നദിയില്‍ നിന്നും 201 മീറ്റര്‍ ഉയര്‍ത്തില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തില്‍ ഒരേസമയം 500 പേര്‍ക്കു വരെ കയാറാനാകും. 2020-ന്റെ തുടക്കത്തില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇതിനോടകം തന്നെ ഏറ്റവും നീളം കൂടിയ കണ്ണാടിപ്പാലം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും പാലം സ്വന്തമാക്കിയിട്ടുണ്ട്.

Story highlights: Longest Glass Bridge in the World, Lianjiang River, China