ആക്ഷൻ രംഗങ്ങളുമായി സെന്തിൽ കൃഷ്ണ- ‘ഉടുമ്പ്’ ടീസർ ശ്രദ്ധനേടുന്നു

January 17, 2021

ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. നടൻ സെന്തിൽ കൃഷ്ണയാണ് ഉടുമ്പിൽ നായകനായി എത്തുന്നത്. ഡാർക്ക് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആകാംക്ഷ ഉണർത്തുന്ന ടീസർ എത്തി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സെന്തിൽ കൃഷ്ണ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സജിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളവും തിരുവനന്തപുരവും പ്രധാന ലൊക്കേഷനായ ചിത്രത്തിൽ നവാഗതയായ ആഞ്ചലീന നായികയായി അഭിനയിക്കുന്നു.

തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെന്തില്‍ കൃഷ്ണ ചിത്രത്തിൽ എത്തുന്നത്. ഉടുമ്പിന്റെ തിരക്കഥാകൃത്തുക്കളായ അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും കണ്ണൻ താമരക്കുളവും ചേർന്ന് ക്വാറി എന്ന പേരിൽ ഒരു ചിത്രം ലോക്ക് ഡൗണിന് മുൻപ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, വലിയ ജനക്കൂട്ടവും ക്വാറികൾ ഉൾപ്പെടുന്ന സ്ഥലങ്ങളും ഉള്ള ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങേണ്ട ചിത്രമായതുകൊണ്ട് ഉടുമ്പ് എന്ന ചിത്രത്തിലേക്ക് എത്തുകയായിരുന്നു.

Read More: മാസ്റ്ററിലെ മാസ് രംഗങ്ങള്‍ പിറന്നത് ഇങ്ങനെ: ശ്രദ്ധ നേടി മേക്കിങ് വീഡിയോ

 രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം, സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മരട് 357. വിവാദമായ മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്. മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുകയാണ് കണ്ണൻ താമരക്കുളം. ദിനേശ് പള്ളത്തിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.

Story highlights- udumbu movie teaser