‘മലയാളത്തിന്റെ കണ്ണുകളാണ് ഇരുവരും..’- 30 വർഷങ്ങൾക്ക് മുൻപ് കൊച്ചിൻ ഹനീഫ നൽകിയ അഭിമുഖം

February 3, 2022

മലയാളി പ്രേക്ഷകർക്കിടയിലും സിനിമാപ്രവർത്തകർക്കിടയിലും അത്രത്തോളം ജനപ്രിയനായ ഒരേയൊരു വ്യക്തിയെ ഉള്ളു. അതായിരുന്നു കൊച്ചിൻ ഹനീഫ. അദ്ദേഹത്തിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ താരങ്ങളെയും ആരാധകരെയും ഇന്നും മലയാളികൾക്ക് മറക്കാനാകില്ല.’ആശാനേ ആശാനേ’, ഈ ഒറ്റ ഡയലോഗ് മാത്രം മതി കൊച്ചിൻ ഹനീഫ എന്ന നടനെ മലയാളിക്ക് ഓർക്കാൻ.

നായക വേഷങ്ങളിലും പ്രതിനായക വേഷങ്ങളിലും അഭിനയിച്ച് തന്റെ പരമാവധി അഭിനയ സാധ്യതകൾ പര്യവേക്ഷണം ചെയ്ത നടന്മാരിൽ ഒരാളായിരുന്നു താരം. ‘പഞ്ചാബി ഹൗസ്’, ‘മാന്നാർ മത്തായി സ്പീക്കിംഗ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച ഒരുപിടി കോമഡി വേഷങ്ങളുടെ പേരിലാണ് ഇപ്പോഴും പ്രേക്ഷകർ ഈ നടനെ ഓർക്കുന്നത്. അദ്ദേഹത്തിന്റെ 12-ാം ചരമവാർഷികത്തിൽ വർഷങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്.

30 വർഷങ്ങൾക്ക് മുൻപുള്ള അഭിമുഖമാണ് ഇത്. 1992ൽ ഖത്തർ സന്ദർശനത്തിനിടെ കൊച്ചിൻ ഹനീഫ നൽകിയ അഭിമുഖമാണിത്. സൈനുദ്ദീനും വിഡിയോയിൽ ഉണ്ട്. സഹപ്രവർത്തകരെക്കുറിച്ച് മികച്ച അഭിപ്രായമാണ് കൊച്ചിൻ ഹനീഫ പങ്കുവയ്ക്കുന്നത്. ‘മമ്മൂട്ടിയും മോഹൻലാലുമൊക്കെ സർഗ്ഗപ്രതിഭകളാണ്, മലയാളത്തിന്റെ കണ്ണുകളാണ് ഇരുവരും ‘ എന്നാണ് നടൻ പറയുന്നത്.

Read Also: ‘ഞാൻ പാർവതി, ഒരു ചെറിയ ജീവിതം’- വിഡിയോ പങ്കുവെച്ച് പ്രിയനടി

നടൻ കൊച്ചിൻ ഹനീഫ 2010 ഫെബ്രുവരി 2നായിരുന്നു അന്തരിച്ചത്. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കുകയായിരുന്നു. മുന്നൂറോളം മലയാള സിനിമകളിൽ അഭിനയിച്ച കൊച്ചിൻ ഹനീഫ ‘കിരീട’ത്തിലെ ഹൈദ്രോസ്, ‘പഞ്ചാബി ഹൗസ്’ എന്ന സിനിമയിലെ ഗംഗാധരൻ, ‘മാന്നാർ മത്തായി സ്പീക്കിങ്’ എന്ന ചിത്രത്തിലെ എൽദോ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും ജനങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു.

Story highlights- cochin haneefa throwback interview