മെലഡിയുടെ രാജ്ഞി ലത മങ്കേഷ്കറിന് കണ്ണീർ പ്രണാമം

February 6, 2022

സുവർണ്ണ ശബ്‌ദത്താൽ ദശലക്ഷക്കണക്കിന് ആളുകളുടെ ആരാധനാപാത്രമായ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ (92) അന്തരിച്ചു. കൊവിഡ് പോസിറ്റീവായിരുന്ന ഗായികയെ കഴിഞ്ഞ മാസം മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ലതാ മങ്കേഷ്‌കറുടെ മരണവാർത്ത സഹോദരി ഉഷ മങ്കേഷ്‌കർ ആണ് സ്ഥിരീകരിച്ചത്.

കൊവിഡും ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്ന് ജനുവരി എട്ടിന് ലതാ മങ്കേഷ്‌കറിനെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 1942-ൽ 13-ാം വയസ്സിൽ തന്റെ മാതൃഭാഷയായ മറാത്തിയിലെ ഗാനങ്ങളിലൂടെ കരിയർ ആരംഭിച്ച ലത മങ്കേഷ്‌കർ ഏഴ് ദശാബ്ദക്കാലത്തെ സംഗീത യാത്രയിൽ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മധുബാല മുതൽ കജോൾ വരെയുള്ള നായികമാരുടെ തലമുറകൾക്ക് തന്റെ സുവർണ്ണ ശബ്ദം നൽകിയിട്ടുണ്ട്.
“അജീബ് ദസ്തൻ ഹായ് യേ”, “പ്യാർ കിയാ തോ ഡർണാ ക്യാ”, “നീല അസ്മാൻ സോ ഗയാ”, “തേരേ ലിയേ” എന്നിവയാണ് മെലഡിയുടെ രാജ്ഞിയുടെ പ്രിയഗാനങ്ങൾ.

1946-ൽ വസന്ത് ജോഗ്ലേക്കറിന്റെ “ആപ് കി സേവ മേ” എന്ന ചിത്രത്തിലെ “പാ ലഗൂൺ കർ ജോരി” എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ബോളിവുഡിലേക്ക് ലത മങ്കേഷ്‌കർ ചുവടുവെച്ചത്.

Read Also: ‘നാട്ടുകാരേ ഓടിവരണേ കടയ്ക്ക് തീ പിടിച്ചേ..’- ചിരിവേദിയിൽ ഹിറ്റ് ഡയലോഗ് അവതരിപ്പിച്ച് ഗുരു സോമസുന്ദരം

“ഇന്ത്യയുടെ നൈറ്റിംഗേൽ” എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയ്ക്ക് അർഹയായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ലതാ മങ്കേഷ്കർ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, 15 ബംഗാൾ ഫിലിം ജേർണലിസ്റ്റ്സ് അസോസിയേഷൻ അവാർഡുകൾ, നാല് ഫിലിംഫെയർ മികച്ച വനിതാ പിന്നണി അവാർഡുകൾ, രണ്ട് ഫിലിംഫെയർ സ്പെഷ്യൽ അവാർഡുകൾ, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.

Story highlights- Lata Mangeshkar, Queen of Melody, dies at 92