മെസ്സി പെനാൽറ്റി പാഴാക്കിയിട്ടും പി എസ് ജിക്ക് ഇൻജറി സമയത്ത് വിജയം

February 16, 2022

2022 ലെ ഫുട്ബോൾ  കാത്തിരിപ്പുകളിൽ എറ്റവും സുന്ദരമായ ഒന്നായിരുന്നു ചാമ്പ്യൻസ് ലീഗിലെ റയൽ മാഡ്രിഡ് പി എസ് ജി മത്സരം. ഈ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്, കാത്തിരിപ്പിന്റെ സുഖം നൽകുന്നതിനും കണക്കു കൂട്ടലുകൾക്കുമപ്പുറം ഫുട്ബോൾ ഭ്രാന്തന്മാരുടെ മനസിൽ തീ മഴ പെയ്യിച്ചിരുന്നു.

മത്സരം തുടക്കം മുതലേ കടുകട്ടിയാകുമെന്നുറപ്പായിരുന്നു. പരിക്കുമാറി നെയ്മർ കൂടി കളത്തിലിറങ്ങിയപ്പോൾ പി എസ് ജി പ്രതിരോധിക്കാൻ കഴിയാത്ത അത്രയും ശക്തമാകുകയും ചെയ്തു. റയൽ മാഡ്രിഡ് ലാലിഗയിൽ തുടരുന്ന മിന്നുന്ന ഫോം കൊണ്ട് തന്നെ പി എസ് ജി ക്ക് എളുപ്പത്തിൽ കളി ജയിക്കാനാകില്ലെന്ന് ഉറപ്പായിരുന്നു.           

മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ പി എസ് ജിയെ ഉജ്ജ്വല ഫോമിൽ കളിച്ച ഗോൾകീപ്പർ തിബോ കുർട്ടോയുടെ സേവുകൾ കൊണ്ടാണ് റയൽ മാഡ്രിഡ് ഇൻജറി സമയംവരെ പിടിച്ച്‌ കെട്ടിയത്. മത്സരത്തിൽ ഒരിക്കൽ പോലും പി എസ് ജി ഗോൾ കീപ്പർ ഡോണറുമയെ പരീക്ഷിക്കുന്ന ഒരു ഓൺ ടാർഗറ്റ് ഷോട്ടുതിർക്കാൻ പോലും മാഡ്രിഡിനായില്ല. ഇൻജറി സമയത്തിന്റെ അവസാന ഘട്ടത്തിൽ കളിയെത്തിയപ്പോൾ സമനിലയുമായി പാരിസിൽ നിന്ന് മാഡ്രിഡിലേക്ക് പറക്കാമെന്ന റയലിന്റെ ചിന്തകളെ മുഴുവൻ കെടുത്തി എംബപ്പെ ഗോൾ നേടി. 4 മിനിറ്റ് ഇൻജറി സമയം അവസാനിച്ച് ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രമായിരുന്നു അപ്പോൾ ബാക്കി. ഇൻജറി സമയം വരെ വിജയത്തിനായി കാത്തിരിക്കേണ്ടിയിരുന്നില്ല. 60 മിനിറ്റിൽ കിട്ടിയ പെനാൽറ്റി  മെസ്സി പാഴാക്കി. ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ  ഇതുവരെ കഴിയാത്ത പി എസ് ജിയ്ക്ക് ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

Read also: നായകനായി അവതരിച്ച് എംബപ്പെ; ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ റയലിന് മേൽ പിഎസ്ജിയുടെ ആധിപത്യം

പരിക്കിൽ നിന്ന് തിരിച്ചെത്തിയ നെയ്മറും വരും മത്സരങ്ങൾ പരിക്കിൽ നിന്ന് മുക്തനായി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റാമോസും ചേരുമ്പോൾ പി എസ് ജി കൂടുതൽ ശക്തമാകുമെന്നുറപ്പാണ്. സ്വന്തം കാണികൾക്ക് മുന്നിൽ മികവാർന്ന പ്രകടനവുമായി തിരിച്ച് വരുന്ന മാഡ്രിഡിനായി ആരാധകരും കാത്തിരിക്കുന്നുണ്ട്.

Story highlights: mbappe scores last minute winner psg beat real madrid