‘വേണ്ട ഇനി മലയാളത്തിൽ പറയാം’; ബുർജ് ഖലീഫ കാണാൻ ദുബായിലെത്തിയ കുട്ടി അറബി

March 22, 2022

പാലക്കാടിന്റെ മണിമുത്ത്…ടോപ് സിംഗർ വേദിയുടെ കൊച്ചുമിടുക്കൻ.. ശ്രീഹരിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുള്ള ആരാധകർക്ക് മുന്നിലേക്ക് ഇത്തവണ ശ്രീഹരി എത്തുന്നത്, ദുബായ് കടപ്പുറത്തുനിന്നുമാണ്. അതിമനോഹരമായ പാട്ടുകൾക്കൊപ്പം ചിലപ്പോഴൊക്കെ രസകരമായ നിമിഷങ്ങളും സമ്മാനിക്കാറുള്ള പാട്ട് വേദിയിൽ ഇത്തവണ മനോഹരമായൊരു സ്‌കിറ്റോടുകൂടിയാണ് ശ്രീഹരിയുടെ പാട്ട് ആരംഭിക്കുന്നത്. ജയറാം നായകനായ ‘ഷാർജ ടു ഷാർജ’ എന്ന ചിത്രത്തിലെ എം ജി ശ്രീകുമാർ ആലപിച്ച ‘പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ, പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ’ എന്ന ഗാനവുമായാണ് ശ്രീഹരി എത്തുന്നത്.

വിമാനത്തിൽ വന്നിറങ്ങിയ അറബി ബുർജ് ഖലീഫ അന്വേഷിച്ച് പോകുന്നതും, അറബിയെ ഫ്‌ളവേഴ്‌സ് ടിവിയുടെ വണ്ടിയിൽ കയറ്റി ടോപ് സിംഗർ വേദിയിലേക്ക് ഒരാൾ പറഞ്ഞയക്കുന്നതുമാണ് സ്കിറ്റിൽ ഉള്ളത്. എന്നാൽ വേദിയിലെത്തി അറബി പറഞ്ഞുതുടങ്ങിയ ആളോട് അറബിഭാഷയിൽ തിരിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിച്ചതോടെ ഇനി മലയാളത്തിൽ പറയാം എന്ന് പറഞ്ഞു പാട്ട് പാടാൻ തുടങ്ങുകയാണ് ശ്രീഹരി. തനിക്ക് ബുർജ് ഖലീഫയുടെ മുന്നിൽ നിന്ന് പാട്ട് പാടണമെന്നും എന്നാൽ തന്നെ ആരോ പറ്റിച്ചുവെന്നും പറയുന്ന ശ്രീഹരിയ്ക്കായി വേദിയിൽ ബുർജ് ഖലീഫയുടെ ചിത്രങ്ങൾ ഇട്ട് കൊടുക്കുന്നുമുണ്ട് പാട്ട് വേദി.

Read also: അർധരാത്രി 10 കിലോമീറ്റർ ഓടുന്ന പ്രദീപ്; വൈറൽ വിഡിയോയിലെ 19-കാരന് സഹായവാഗ്ദാനവുമായി റിട്ട. ലഫ്റ്റനന്റ് ജനറൽ

കേരളക്കര മുഴുവൻ ഹൃദയത്തിലേറ്റിയ ഗായകരിൽ ഒരാളാണ് ടോപ് സിംഗർ വേദിയിലെ പാലക്കാട്ടുകാരൻ ശ്രീഹരി. കലാഭവൻ മണിയുടെ പാട്ടുകൾ പാടി ആദ്യം വേദിയുടെ ഹൃദയം കവർന്ന ഈ മിടുക്കനിപ്പോൾ ഏത് പാട്ടും അനായാസം പാടും അതും അതിഗംഭീരമായിത്തന്നെ. അതുകൊണ്ടുതന്നെ ശ്രീഹരിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് സംഗീതപ്രേമികൾ. കാത്തിരിക്കുന്ന ആരാധകരെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഓരോതവണയും വേദിയിൽ ഈ കൊച്ചുമിടുക്കൻ എത്തുന്നത്. ഏത് ബുദ്ധിമുട്ടുള്ള പാട്ടും വളരെ മനോഹരമായി പാടുന്ന ഈ കുരുന്നിന്റെ മുന്നിൽ വേദി മുഴുവൻ എഴുന്നേറ്റ് നിന്ന് കൈയടിച്ച നിമിഷങ്ങളും നിരവധിയാണ്.

Story highlights: Arabic Sreehari- Funny Performance