ആരാധകർക്കുള്ള ബ്ലാസ്റ്റേഴ്‌സ് സർപ്രൈസ്, വീണ്ടും മഞ്ഞപ്പടയുടെ ആരവമുയരുന്നു; വൈകിട്ട് അഞ്ചര മുതൽ കലൂർ ഫാൻ പാർക്കിൽ ലൈവ് സ്ട്രീമിങ്

March 11, 2022

ഐഎസ്എൽ ആദ്യ പാദ സെമിഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പൂർ എഫ്‌സിയെ നേരിടാനൊരുങ്ങുമ്പോൾ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് പുറത്തൊരുക്കിയിരിക്കുന്ന വലിയ സ്‌ക്രീനിൽ കളി കാണാൻ ആരാധകരെ ക്ഷണിച്ചിരിക്കുകയാണ് ടീം. ഏറെ നാളായി ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളും സ്റ്റേഡിയത്തിലെ ആരവങ്ങളും നഷ്ടമായ ആരാധകർക്ക് വലിയ ആവേശമാണ് ഈ വാർത്ത നൽകിയിരിക്കുന്നത്.

സ്റ്റേഡിയത്തിലേക്ക് പോകുന്ന റോഡിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി ഫാൻ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഫാൻ പാർക്കിൽ വൈകിട്ട് അഞ്ചര മുതൽ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ടീം അറിയിച്ചിരിക്കുന്നത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്ലാസ്റ്റേഴ്സിനായി ആര്‍പ്പുവിളിക്കാന്‍ കലൂരിലെ സ്റ്റേഡ‍ിയത്തിലെത്താന്‍ കഴിയാത്ത ആരാധകര്‍ക്ക് ഒത്തുകൂടാനുള്ള സുവര്‍ണാവസരം കൂടിയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ഒരുക്കുന്നത്. നിരാശാജനകമായ സീസണുകള്‍ക്കുശേഷം ഇത്തവണ ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനത്തോടെയാണ് ഐഎസ്എൽ സെമിയിലെത്തിയത്.

Read More: ജോജുവിന്റെ മകളായി അനശ്വര; കൗതുകമായി ‘അവിയൽ’ ട്രെയ്‌ലർ

ലീഗിൽ ഒന്നാം സ്ഥാനക്കാരായ ജംഷഡ്‌പൂർ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ മത്സരം. കൊവിഡ് കാരണം ഇത്തവണ ലീഗിലെ എല്ലാ മത്സരങ്ങളും ഗോവയിലാണ് നടക്കുന്നത്. സെമി ഫൈനലിന് യോഗ്യത നേടിയതോട് കൂടി ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ ആവേശത്തിലായിരുന്നു. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ നിർണായക മത്സരം സ്റ്റേഡിയത്തിന്റെ ആരവമില്ലാതെ കാണേണ്ടി വരുന്നതിന്റെ വിഷമം ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക സംഘമായ മഞ്ഞപ്പട അടക്കം പങ്കുവെച്ചിരുന്നു. ഈ വിഷമത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

അതേ സമയം കരുത്തരായ ജംഷഡ്‌പൂരിനെതിരെ പ്ലേ ഓഫ് കളിക്കുന്നതിന്‍റെ സമ്മര്‍ദ്ദമില്ലെന്നും ഫുട്ബോള്‍ ആസ്വദിച്ചു കളിക്കേണ്ടതാണെന്നും ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് ഇതുവരെ ശ്രമിച്ചതും അതിനാണെന്നും വ്യക്തമാക്കി.

Story Highlights: Fan park for blasters fans