70-ാം വയസിൽ 40-മത്തെ കുഞ്ഞിന് ജന്മം നൽകി; ഇത് ലോകത്തിലെ ഏറ്റവും പ്രായമേറിയ കടല്‍ പക്ഷി

March 19, 2022

സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ എളുപ്പത്തിൽ ആളുകളിലേക്ക് എത്തിത്തുടങ്ങി. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒരു പക്ഷിയെക്കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. 70 ആം വയസിൽ ഒരു കുഞ്ഞിന് ജന്മം നൽകിക്കൊണ്ടാണ് ഈ പക്ഷി ലോകത്തിന് മുഴുവൻ അത്ഭുതമായി മാറുന്നത്. സാധാരണ ഗതിയിൽ മറ്റ് പക്ഷികളെ അപേക്ഷിച്ച് ആയുസ് കൂടുതലുള്ള ജീവിവർഗ്ഗമാണ് ആല്‍ബട്രോസ്. സാധാരണ 40 വര്‍ഷം വരെയാണ് ഈ കടൽപക്ഷിയുടെ ആയുസ്. എന്നാല്‍ ഇപ്പോഴിതാ 70 വര്‍ഷത്തോളം ജീവിക്കുകയും അതിന് പുറമെ 40- തോളം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരിക്കുകയാണ് വിസ്ഡം.

ലോകത്തിലെ ഏറ്റവും പ്രായമേറിയ കടല്‍പ്പക്ഷിയായ വിസ്‌ഡം കഴിഞ്ഞദിവസമാണ് നാലപതാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസം വിസ്ഡത്തിന്റെ മുട്ട വിരിഞ്ഞതോടെ ഏറ്റവും പ്രായം കൂടിയ അമ്മയായ കടൽപക്ഷി എന്ന നേട്ടവും വിസ്‌ഡത്തിന് തന്നെയാണ്. അതേസമയം ഗവേഷകരുടെ സംരക്ഷണത്തിലാണ് വിസ്‌ഡം ഉള്ളത്. 1956 മുതലാണ് വിസ്‌ഡം ഗവേഷകരുടെ സംരക്ഷണത്തിലാകുന്നത്. അന്ന് അമേരിക്കയിൽവെച്ച് ഈ പക്ഷിയെ ആദ്യമായി കണ്ടെത്തുമ്പോൾ അഞ്ച് വയസ് മാത്രമായിരുന്നു ഈ പക്ഷിയുടെ പ്രായം. അന്ന് മുതൽ ഇവർ അതിനെ വിസ്ഡം എന്ന പേരും നല്‍കി. ഇപ്പോൾ ലോകത്തിന്റെ മുഴുവൻ വിസ്ഡമായി മാറിയ പക്ഷി, നിലവിൽ ഹവായിക്ക് സമീപമുള്ള മിഡ്വേ അറ്റോള്‍ എന്ന ദ്വീപിലെ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്.

Read also:‘നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകൾ’- ചലച്ചിത്രമേളയിൽ സർപ്രൈസ് അതിഥിയായി ഭാവന

കടല്‍പക്ഷികളില്‍ വെച്ച് ഏറ്റവും വലുപ്പമുള്ള പക്ഷികളാണ് ആല്‍ബട്രോസ്. അതേസമയം ആല്‍ബട്രോസ് പക്ഷികളുടെ ഉപവിഭാഗമായ ലെയ്‌സാന്‍ എന്ന ഗണത്തില്‍പ്പെടുന്ന കടല്‍ പക്ഷിയാണ് വിസ്ഡം. വടക്കന്‍ ശാന്ത സമുദ്രമേഖലയിലാണ് ഇവ സാധാരണയായി കാണാറുള്ളത്. ഇവ വർഷത്തിൽ ഒരു മുട്ട മാത്രമാണ് ഇടുന്നത്. ഒരു മുട്ട വിരിയാന്‍ ഏകദേശം എട്ട് ആഴ്ച സമയമെടുക്കും.

Story highlights: World’s oldest bird has another chick at age 70