ഇതൊക്കെ ഇത്ര സിംപിൾ ആണോ, ജഡ്ജസിനൊപ്പം പാട്ടിന്റെ സംഗതികളും കൃത്യമായി പറഞ്ഞ് മേഘ്‌നക്കുട്ടി

April 11, 2022

പാട്ട് വേദിയിലെ കുസൃതികുറുമ്പിയാണ് മേഘ്‌ന കുട്ടി. അസാമാന്യ ആലാപനമികവോടെയാണ് ഈ കുഞ്ഞുമോൾ ഈ ചെറുപ്രായത്തിനുള്ളിൽ പാട്ടുകൾ പഠിക്കുന്നതും പാടുന്നതുമൊക്കെ. എത്ര പ്രയാസമേറിയ പാട്ടുകളും വേഗത്തിൽ പഠിച്ചെടുത്ത് മനോഹരമായി പാടുന്ന മേഘ്ന മോളുടെ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുമുണ്ട് ആരാധകർ. പാട്ടിനൊപ്പം കുസൃതിയും കുറുമ്പും നിറഞ്ഞ ഈ കുഞ്ഞുമോളുടെ അതിമനോഹരമായൊരു എപ്പിസോഡാണ് ഇപ്പോൾ കാഴ്ചക്കാർക്കിടയിൽ ശ്രദ്ധനേടുന്നത്.

‘നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ…. നീയെന്റെ മാരനെ കണ്ടോ..’ എന്ന ഗാനവുമായാണ് ഇത്തവണ മേഘ്‌നക്കുട്ടി വേദിയിൽ എത്തിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയ ഗാനം എം ജി ശ്രീകുമാർ, സുജാത മോഹൻ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് വേണ്ടി പാടിയത്. ഈ ഗാനവുമായി പാട്ട് വേദിയിൽ എത്തിയ മേഘനകുട്ടി വിധികർത്താക്കളെയും വേദിയെയും മുഴുവൻ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

പാട്ടിന് ശേഷമുള്ള ഈ കുരുന്നിന്റെ കുറുമ്പ് നിറഞ്ഞ വർത്തമാനങ്ങളും വേദിയിൽ ചിരി നിറയ്ക്കുന്നുണ്ട്. പാട്ടിലെ സംഗതികൾ വിധികർത്താക്കളെ പോലും അമ്പരപ്പിക്കുന്ന മികവോടെയാണ് ഈ കുരുന്ന് പഠിച്ചെടുക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനം കവരാറുണ്ട്. മേഘ്‌നക്കുട്ടിയുടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തതാണ്.

Read also: ഇത് മൈക്കിളപ്പന്റെ കുട്ടി ആരാധകൻ; കുഞ്ഞ് ലൂക്കയുടെ ക്യൂട്ട് ഭാവങ്ങൾ നിറച്ച വിഡിയോ പങ്കുവെച്ച് മിയ

അതേസമയം ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സംഗീതത്തിനൊപ്പം കളിയും ചിരിയും അരങ്ങേറുന്ന ഈ വേദി ഇന്ന് മലയാളികളുടെ സ്വീകരണമുറിയിൽ ഇടംനേടിക്കഴിഞ്ഞതാണ്.

Story highlights: Meghna learning music