വമ്പൻ റെക്കോർഡിട്ട് വിരാട് കോലി; മുന്നിലുള്ളത് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രം

June 8, 2022

സമൂഹമാധ്യമങ്ങളിൽ സജീവമാണ് പല കായിക താരങ്ങളും. കോടിക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ താരങ്ങളെ പിന്തുടരുന്നത്. താരങ്ങൾ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ പലപ്പോഴും വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്.

മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന കായികതാരമാണ്. അത് കൊണ്ട് തന്നെ ഒട്ടേറെ ആളുകളാണ് കോലിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തിൽ വമ്പൻ റെക്കോർഡിട്ടിരിക്കുകയാണ് കോലി. ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കോലി ഇന്ന് സ്വന്തമാക്കിയത്.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോലി. അതേ സമയം ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ കായിക താരമായും ഇതോടെ കോലി മാറി. ഫുട്‍ബോൾ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് ഇപ്പോൾ കോലിക്ക് മുൻപിലുള്ളത്. 45 കോടി ആളുകൾ ക്രിസ്റ്റ്യാനോയെ പിന്തുടരുമ്പോൾ 33.3 കോടി ഫോളോവേഴ്‌സാണ് മെസ്സിക്കുള്ളത്.

നേരത്തെ ക്രിക്കറ്റിൽ നിന്ന് തൽക്കാലം ഒരിടവേള എടുക്കുന്നുവെന്ന വാർത്ത കോലി സ്ഥിരീകരിച്ചിരുന്നു. കോലി കുറച്ചു നാൾ ക്രിക്കറ്റിൽ നിന്ന് ഒരിടവേള എടുക്കുന്നത് നന്നായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി അടക്കം പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. ശാസ്ത്രിയുടെ പ്രസ്‌താവന കേട്ടെന്നും ഇടവേളയെടുക്കുകയെന്ന നിര്‍ദേശം ആരോഗ്യകരമാണെന്നുമാണ് വിരാട് കോലി പറഞ്ഞത്.

Read More: “എന്റെ പ്രസംഗത്തിനിടയിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുന്ന ഹെറ്റ്മയറിന് എന്റെ പ്രത്യേക നന്ദി..”; സഹതാരങ്ങളെയും ആരാധകരെയും പൊട്ടിച്ചിരിപ്പിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ

എന്നാൽ ദീർഘകാല ഇടവേളയാവില്ല താൻ എടുക്കാൻ പോവുന്നതെന്നും കോലി സൂചിപ്പിച്ചു. ഈ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പും ഏഷ്യ കപ്പും വിജയിക്കുകയാണ് ലക്ഷ്യമെന്ന കോലിയുടെ പ്രസ്താവനയാണ് ചെറിയ ഒരിടവേള മാത്രമായിരിക്കും കോലി എടുക്കുകയെന്ന സൂചന നൽകുന്നത്.

Story Highlights: Kohli sets a new record with instagram followers