ലോക ക്രിക്കറ്റിലെ ഇന്ത്യൻ ഇതിഹാസ താരം മിതാലി രാജ് വിരമിച്ചു…

June 8, 2022

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്ററായ മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്-ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചിരിക്കുകയാണ്.

39 വയസ്സുകാരിയായ മിതാലി 23 വർഷം നീണ്ട കരിയറിനൊടുവിലാണ് ക്രിക്കറ്റിനോട് വിട പറഞ്ഞിരിക്കുന്നത്. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് മിതാലി രാജ്. ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് താരം. വനിതാ ടി 20 യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സ് നേടിയിട്ടുള്ള മിതാലി ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമായി 699 റണ്‍സാണ് നേടിയിട്ടുള്ളത്.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മിതാലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “വർഷങ്ങളായി തന്നു കൊണ്ടിരിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിലെ രണ്ടാം ഇന്നിങ്സിൽ നിങ്ങളുടെ അനുഗ്രഹവും പിന്തുണയും പ്രതീക്ഷിക്കുന്നു” എന്ന കുറിപ്പോടെയാണ് മിതാലി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

Read More: “സച്ചിന് ശേഷം ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല..”; സഞ്ജു സാംസണിൽ നിന്ന് തനിക്ക് കിട്ടിയ വിലപ്പെട്ട സമ്മാനത്തെ പറ്റി മനസ്സ് തുറന്ന് സംവിധായകൻ ജോണി ആൻറണി

അതേ സമയം മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് സിനിമ ‘സബാഷ് മിട്ടു’ ജൂലൈ 15 ന് റിലീസിനൊരുങ്ങുകയാണ്. മിതാലിയുടെ ബായോപിക്കിനായുള്ള ആരാധകരുടെയും സിനിമപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

തൻറെ ബയോപിക് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ കൂടി കഥയായിരിക്കുമെന്നാണ് നേരത്തെ മിതാലി പറഞ്ഞത്. തപ്‌സി പന്നുവാണ് ചിത്രത്തിൽ മിതാലി രാജിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി തപ്‌സി പന്നു ഒരുപാട് കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നും തന്നെയും തന്റെ ചുറ്റുപാടിനെയും വളരെ ശ്രദ്ധയോടെ പഠിച്ചാണ് തപ്‌സി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നും മിതാലി പറഞ്ഞിരുന്നു.

Story Highlights: Mithali raj retires from international cricket