“സ്റ്റാറാവുമ്പോൾ മേഘ്ഡുവിനുള്ള സെക്യൂരിറ്റിയും മാനേജറും എല്ലാം റെഡി”; വേദിയിൽ പൊട്ടിച്ചിരി പടർത്തി മേഘ്നയും ജഡ്‌ജസും

August 2, 2022

പാട്ടുവേദിയുടെ പ്രിയ പാട്ടുകാരി മേഘ്‌നയുടെ ഒരു ആലാപനമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. പ്രേക്ഷകരെ വിസ്‌മയിപ്പിച്ച പ്രകടനമായിരുന്നു മേഘ്‌നക്കുട്ടി വേദിയിൽ കാഴ്ച്ചവെച്ചത്. പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞു പോയ ഒരു ഗാനമാണ് മേഘ്ന മനോഹരമായി ആലപിച്ചത്.

പുഴ എന്ന ചിത്രത്തിലെ “കിഴക്കൊന്ന് തുടുത്താൽ ചിരിക്കാൻ തുടങ്ങും..” എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് മേഘ്‌നക്കുട്ടി വേദിയിൽ ആലപിച്ചത്. എം.കെ.അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി.ഭാസ്‌ക്കരൻ മാഷാണ്. പ്രേക്ഷകർ ഇഷ്ടത്തോടെ വാണിയമ്മ എന്ന് വിളിക്കുന്ന പ്രിയ ഗായിക വാണി ജയറാമാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. നിറഞ്ഞ കൈയടികളോടെയാണ് വിധികർത്താക്കൾ മേഘ്‌നക്കുട്ടിയുടെ പ്രകടനം ആസ്വദിച്ചത്.

ഇപ്പോൾ ആലാപനത്തിന് മുൻപ് വേദിയിൽ പൊട്ടിച്ചിരി പടർത്തിയ മേഘ്‌നക്കുട്ടിയുടെയും വിധികർത്താക്കളുടെയും രസകരമായ സംഭാഷണമാണ് ശ്രദ്ധേയമാവുന്നത്. മേഘ്‌നക്കുട്ടി വലിയ സ്റ്റാർ ആയി കഴിഞ്ഞാൽ സെക്യൂരിറ്റിയായി താൻ വന്നോട്ടെ എന്ന് ഗായകൻ എം.ജി.ശ്രീകുമാർ ചോദിക്കുന്നിടത്ത് നിന്നാണ് വേദിയിൽ ചിരി തുടങ്ങുന്നത്. അങ്ങനെ എങ്കിൽ മാനേജറായി താൻ വരാമെന്ന് പറയുകയാണ് എം.ജയചന്ദ്രൻ. മേഘ്ന സ്റ്റാറാവുന്ന സമയം ആവുമ്പോഴേക്കും എം.ജി.ശ്രീകുമാറിന് പത്ത് സെക്യൂരിറ്റി വേണ്ടി വരും എന്ന് ഗായിക അനുരാധ പറയുന്നതോടെ വേദിയിൽ വലിയ രീതിയിൽ ചിരി പടരുകയായിരുന്നു.

Read More: “ചന്ദ്രരശ്‌മി തൻ ചന്ദന നദിയിൽ..”; സുശീലാമ്മയുടെ മറ്റൊരു ഗാനവുമായി പാട്ടുവേദിയിൽ വിസ്‌മയം തീർത്ത് ആൻ ബെൻസൺ

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്.

Story Highlights: Meghna and judges fun moments