തുല്യ വേതനം; പുരുഷ വനിത ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ തുല്യ മാച്ച് ഫീ, ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ

October 28, 2022

ചരിത്രത്തിൽ രേഖപ്പെടുത്താൻ പോവുന്ന ഒരു പ്രഖ്യാപനമാണ് ബിസിസിഐ നടത്തിയിരിക്കുന്നത്. പുരുഷ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ തുല്യ വേതനമാവും ലഭിക്കുക. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുല്യ മാച്ച് ഫീ പ്രഖ്യാപനം നടപ്പാക്കുമ്പോൾ താരങ്ങൾക്ക് ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി 20 യ്ക്ക് 3 ലക്ഷം രൂപയും ലഭിക്കും. ഇന്ത്യയുടെ മുൻ താരം മിതാലി രാജ് ബിസിസിഐ തീരുമാനത്തെ പിന്തുണച്ചു. താരം ബിസിസിഐയ്ക്കും ജയ് ഷായ്ക്കും നന്ദി അറിയിച്ചു.

നേരത്തെ വനിതാ ഐപിഎൽ ഉണ്ടാവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ വനിതാ ഐപിഎലിൽ താരലേലം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. പകരം ബിഗ് ബാഷ് ലീഗിലടക്കം സ്വീകരിച്ചിരിക്കുന്ന ഡ്രാഫ്റ്റ് സിസ്റ്റമാവും ഉണ്ടാവുക. ടീമുകൾക്കായി തുറന്ന ലേലമാണ് ഉണ്ടാവുക. 2023 മാർച്ചിലാവും വനിതാ ഐപിഎലിൻ്റെ ആദ്യ സീസൺ നടക്കുക. ഈ വർഷം അവസാനത്തോടെ ടീമുകൾക്കായുള്ള ലേലം നടന്നേക്കും. നിലവിലുള്ള ഐപിഎൽ ഫ്രാഞ്ചൈസികളിൽ 6 ഫ്രാഞ്ചൈസികളെങ്കിലും വനിതാ ടീം സ്വന്തമാക്കാനുള്ള താൽപ്പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ ലേലത്തിൽ അവർക്ക് മുൻതൂക്കം ലഭിക്കില്ല.

Read More: “എന്റെ മാലാഖക്കുട്ടി..”; തന്റെ മകൾ കോലിയുടെ ഷോട്ട് അനുകരിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് ശ്രീശാന്ത്

ഐപിഎൽ ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് കൂടുതൽ ആവേശം നൽകുമെന്നാണ് വിലയിരുത്തൽ. വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി 20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.

Story Highlights: Equal match fee for men and women cricketers