“ആരാധകരെ ആഘോഷിക്കുവിൻ..”; ഉദ്‌ഘാടന മത്സരത്തിൽ തകർപ്പൻ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

October 7, 2022

“ആരാധകരെ ആഘോഷിക്കുവിൻ..” കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും കോച്ച് ഇവാൻ വുക്കോമനോവിച്ചും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന മഞ്ഞപ്പടയുടെ ആരാധകരോട് ഇപ്പോൾ പറയാൻ ശ്രമിക്കുന്നത് ഈ ഡയലോഗാവും. ഇതവർക്ക് വേണ്ടിയുള്ള വിജയമാണ്, ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമന് വേണ്ടിയുള്ളത്. ഇന്നത്തെ രാവ് മഞ്ഞപ്പടയ്ക്ക് ആഘോഷത്തിന്റെ രാവാണ്.

കലൂർ സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്‌സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മഞ്ഞപ്പടയുടെ ആരാധകർക്ക് തങ്ങളുടെ ടീമിന്റെ മത്സരം നേരിട്ട് കാണാൻ ഇത്തവണ അവസരമൊരുങ്ങിയത്. അതിനാൽ തന്നെ ആരാധകർ വലിയ ആവേശത്തിലായിരുന്നു. ജെസൽ കാർണെയ്റോ ക്യാപ്റ്റനായ ടീമിൽ സഹൽ അബ്ദുൽ സമദും എം.എസ്. ശ്രീക്കുട്ടനും അടക്കം ഏഴ് മലയാളികളാണ് ഉള്ളത്. പ്രഭ്സുഖൻ ഗിൽ, മാർകോ ലെസ്കോവിച്ച്, സന്ദീപ് സിങ്, നിഷു കുമാർ, ജീക്സൺ സിങ്, അഡ്രിയാൻ ലൂണ, രാഹുൽ കെ.പി തുടങ്ങിയവരും ടീമിലുണ്ട്.

Read More: 2011-ൽ ജപ്പാനിലെ സുനാമിക്ക് ശേഷം കാണാതായ ഭാര്യയുടെ മൃതദേഹം തേടി എല്ലാ ആഴ്ചയും ആഴക്കടലിലേക്ക് പോകുന്ന ഭർത്താവ്!

വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

Story Highlights: Kerala blasters inauguration match win