സീസണിലെ ആദ്യ മഞ്ഞണിഞ്ഞ് കാശ്മീർ- മനോഹരമായ വിഡിയോ

October 21, 2022

മഞ്ഞുകാലത്തെ വരവേൽക്കുകയാണ് കാശ്മീർ. ജമ്മു & കശ്മീരിലെ ഒന്നിലധികം ജില്ലകളിൽ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിരിക്കുകയാണ് ഒറ്റദിവസംകൊണ്ട്. ആദ്യത്തെ മഞ്ഞുവീഴ്ച ലഭിച്ചതിനാൽ ജമ്മു & കശ്മീരിലെ സോൻമാർഗ്, ഗുൽമാർഗ് പട്ടണങ്ങൾ ഇപ്പോൾ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും, അതിർത്തി രക്ഷാ സേന ജവാൻമാർ ബാരാമുള്ളയിലെ ഗുൽമാർഗ് സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പട്രോളിംഗ് നടത്തുന്നുണ്ട്.

ഇനിയുള്ള ദിവസങ്ങളിൽ സമതലങ്ങളിൽ നേരിയ മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. ഗുൽമാർഗിൽ 2 ഇഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച, സോൻമാർഗിൽ ഒരു ഇഞ്ച് മഞ്ഞുവീഴ്ചയും ലഭിച്ചിട്ടുണ്ട്. പിർ കി ഗലിയിലും രണ്ടടിയോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Read Also: ‘ചെന്നൈയിൽ ചെന്നാൽ രൺവീർ സിംഗ്, മുംബൈയിൽ പോയാൽ രൺബീർ കപൂർ; സച്ചിന്റെ കാര്യം എനിക്കറിയില്ലാരുന്നു’- രസികൻ വെളിപ്പെടുത്തലുമായി ശിവാംഗി കൃഷ്ണകുമാർ

ദീപാവലി അവധിയാണ് ഇനിയുള്ള ദിവസങ്ങളിൽ എന്നതിനാൽ കാശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്കുമുണ്ട്. അതേസമയം, ജമ്മു-ശ്രീനഗർ ഹൈവേയിൽ നിന്ന് കശ്മീർ താഴ്‌വരയിലേക്ക് പാത നൽകുന്ന മുഗൾ റോഡ് രാത്രിയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചിരുന്നു.വഴുക്കൽ അനുഭവപ്പെടുന്നതിനാൽ മുഗൾ റോഡിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഒക്ടോബർ 20 ന് രാത്രിയോടെയാണ്‌ ജമ്മു ആൻഡ് കാശ്മീർ മഞ്ഞണിഞ്ഞത്.

Story highlights- snowfall at kashmir