‘ഉമ്മയ്ക്കൊരു ഉമ്മാ..’- പൂർണിമയ്ക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്

March 13, 2023

രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ നിരവധി റീഷെഡ്യൂളുകൾക്ക് ശേഷം റിലീസ് ചെയ്തിരിക്കുകയാണ്. ഒരു പിരീഡ് ഡ്രാമയായി എത്തിയ ‘തുറമുഖം’ കെ എം ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരമാണ്. കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം 1927 മുതൽ 1953 വരെയുള്ള കാലഘട്ടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിലൂടെ നാളുകൾക്ക് ശേഷം സജീവമാകുകയാണ് പൂർണിമ ഇന്ദ്രജിത്ത്. വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂർണിമ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെ നടി അവതരിപ്പിക്കുന്നത് തുറമുഖം എന്ന ചിത്രത്തിലാണ്. നിവിൻ പൊളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഉമ്മയുടെ വേഷത്തിലാണ് പൂർണിമ എത്തുന്നത്. 

ഇപ്പോഴിതാ, പൂർണിമയെ അഭിനന്ദിക്കുകയാണ് ഭർത്താവും നടനുമായ ഇന്ദ്രജിത്. അവൾ അവളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ, നിങ്ങൾ അതേ സിനിമയുടെ ഭാഗമാകുന്നു. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു! ഉമ്മാ..- ഇന്ദ്രജിത് കുറിക്കുന്നു.  ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ഇന്ദ്രജിത്.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

മട്ടാഞ്ചേരിക്കാരനായ മൊയ്തു എന്ന ചെറുപ്പക്കാരനായാണ് നിവിൻ പോളി ‘തുറമുഖം’ സിനിമയിൽ എത്തുന്നത്. ‘ചാപ്പ’ സമ്പ്രദായത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം. 1940 കളിലും 50 കളിലും കൊച്ചി തുറമുഖത്ത് കുപ്രസിദ്ധമായ ‘ചാപ്പ’ സമ്പ്രദായം നിലനിന്നിരുന്നു. നിവിൻ പോളിയ്‌ക്കൊപ്പം ജോജു ജോർജ്, ഇന്ദ്രജിത്ത്, സുദേവ് ​​നായർ, മണികണ്ഠൻ, അർജുൻ അശോകൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- indrajith appreciating poornima