വിജയരാജില്‍ നിന്നും ‘ക്യാപ്റ്റന്‍’ എന്ന വിളിപ്പേരിലേക്ക്’; തമിഴകത്തിന്റെ പ്രിയപ്പെട്ട ഹീറോ.!

December 28, 2023
Actor Vijayakanth turned the captain of Tamil film

തമിഴ് സിനിമയുടെ ക്യാപ്റ്റന്‍ എന്നായിരുന്നു നടന്‍ വിജയകാന്ത് അറിയപ്പെട്ടിരുന്നത്. അവരുടെ പ്രിയ ക്യാപ്റ്റനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടില്‍ നഷ്ടമാകുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും രജനികാന്തിനും കമല്‍ഹാസനും പുറമെ തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാറായിരുന്നു വിജയകാന്ത്. ( Actor Vijayakanth turned the captain of Tamil film )

കെ.എന്‍. അളഗര്‍സ്വാമിയുടെയും ആണ്ടല്‍ അഴഗര്‍സ്വാമിയുടെ മകനായി 1952 ഓഗസ്റ്റ് 25-ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗര്‍സാമി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം സിനിമയിലെത്തിയതോടയാണ് വിജയകാന്ത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

1979-ല്‍ ‘ഇനിക്കും ഇളമൈ’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ഈ ചിത്രത്തില്‍ വില്ലന്‍ വേഷമാണ് വിജയകാന്ത് അവതരിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ‘സട്ടം ഒരു ഇരുട്ടറൈ’ എ്ന്ന ചിത്രത്തിലെ നായകവേഷമാണ് അദ്ദേഹത്തിന് താരപദവി നേടിക്കൊടുത്തത്. 1981-ല്‍ പുറത്തിറങ്ങിയ സിവപ്പു മല്ലി, ജാതിക്കൊരു നീതി എന്നീ സിനിമകള്‍ വലിയ വിജയമായിരുന്നു.

മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിന്ന അഭിനയജീവിതത്തില്‍ തമിഴ് സിനിമകളില്‍ മാത്രമാണ് വിജയകാന്ത് അഭിനയിച്ചിട്ടുള്ളത്. മലയാളം, കന്നഡ, തെലുഗു അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നും വിളിയെത്തിരുന്നെങ്കിലും അതല്ലൊം നിരസിക്കുകയായിരുന്നു വിജയകാന്ത്. എന്നാല്‍ അദ്ദേഹത്തിന്റെ വിവിധ സിനിമകള്‍ തെലുഗു, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റിയുട്ടുണ്ട്. നാടിനും കുടുംബത്തിനും വേണ്ടി ത്യാഗം സഹിക്കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹത്തിനെ പുരട്ചി കലൈഞ്ജര്‍ എന്ന വിളിപ്പേര് നല്‍കിയത്. കരിയറിലെ 100-ാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന്‍ (1991) പുറത്തിറങ്ങിയ ശേഷമാണ് വിജയകാന്തിനെ ക്യപ്റ്റന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

Read Also : നടൻ വിജയകാന്ത് അന്തരിച്ചു

2000-ന് ശേഷമാണ് വിജയകാന്ത് സിനിമയില്‍ നിന്നും പതിയെ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നത്. 2005 സെപ്റ്റംബര്‍ 14 ന് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. 2006-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 234 സീറ്റുകളില്‍ ഡിഎംഡികെ മത്സരിച്ചിരുന്നു. വിജയകാന്ത് രണ്ട് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Story Highlights : Actor Vijayakanth turned the captain of Tamil film