ഇന്ത്യയുടെ ചരിത്രവിജയം ക്യാമറയില്‍ ഒപ്പിയെടുത്തു; ഹൃദയം കവര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍

December 24, 2023

ജയത്തിനും തോല്‍വിക്കുമപ്പുറം മനോഹരമായ ചില കാഴ്ചകള്‍ ഹൃദയം കവരുന്നതുമാണ് കായിക മത്സരങ്ങളുടെ വേദികള്‍. അത്തരത്തില്‍ ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായ അലീസ ഹീലി ആണ് വാത്തകളില്‍ നിറയുന്നത്. മുംബൈയിലെ വിശ്വവിഖ്യാതമായ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വനിതകളുടെ ചരിത്രം വിജയം ക്യാമറില്‍ പകര്‍ത്തിയാണ് അലീസ കയ്യടി വാങ്ങിയത്. ( Alyssa Healy wins hearts taken India womens team photo )

ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം പകര്‍ത്തുന്ന അലീസ ഹീലിയുടെ ചിത്രം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ഹൃദയം കവരുന്ന ദൃശ്യങ്ങളെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരി്ച്ചത്. തോല്‍വിയും ഈയൊരു പ്രവര്‍ത്തി ക്രിക്കറ്റിന്റെ യഥാര്‍ത്ഥ സ്പിരിറ്റാണിതെന്നും കൂട്ടിചേര്‍ത്തു. ഓസീസ് വനിത ടീമിനെതിരെ ആദ്യമായാണ് ഇന്ത്യയൊരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ഓസീസ് നായിക ക്യാമറയുമായി ഗ്രൗണ്ടിലേക്കെത്തിയത്.

ഇന്ത്യയുടെ ലോകകപ്പ് കിരീടധാരണത്തിന് വേദിയായ വാംഖഡെ മൈതാനത്താണ് ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് വിജയമെന്ന പ്രത്യേകതയുമുണ്ട്. എട്ട് വിക്കറ്റിനാണ് നീലപ്പട കങ്കാരുക്കളെ കീഴടക്കിയത്. 75 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് വേണ്ടി വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന 38 റണ്‍സുമായി പുറത്താകാതെ നിന്നു. മത്സരത്തിലുടനീളം ബാറ്റെടുത്തവരും ബോളെടുത്തവരും ഒരുപോലെ മിന്നിയതാണ് ഇന്ത്യയുടെ ചരിത്ര വിജയത്തിന് മാറ്റുകൂട്ടിയത്.

Read Also : ‘വാംഖഡെയില്‍ പുതുചരിത്രം’; ഓസീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ജയവുമായി ഇന്ത്യന്‍ വനിതകള്‍

ആദ്യ ഇന്നിങ്‌സില്‍ 219 റണ്‍സിന് പുറത്തായ ഓസീസിനെതിരെ സ്മൃതി മന്ഥാനയുടെയും റിച ഘോഷിന്റേയും ദീപ്തി ശര്‍മയുടേയും അര്‍ധസെഞ്ച്വറി മികവില്‍ ഇന്ത്യ 406 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 187 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 261 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒരാഴ്ച മുമ്പ് ഇതേ വേദിയില്‍ ഇംഗ്ലണ്ടിനെയും ഇന്ത്യന്‍ വനിതകള്‍ തോല്‍പിച്ചിരുന്നു.

Story Highlights : Alyssa Healy wins hearts taken India womens team photo