മുടികൊഴിച്ചിൽ കുറയ്ക്കാം; ഒപ്പം, സ്‌ട്രെസും!

December 9, 2023

തലമുടി കൊഴിയുന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും ഫാസ്റ്റ്ഫുഡുകളുടെ അമിതമായ ഉപയോഗവും അമിതമായ മാനസിക സമ്മര്‍ദ്ദവും എല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ചിലപ്പോഴൊക്കെ ചില പ്രത്യേക മരുന്നുകളുടെ പാര്‍ശ്വഫലമായും മുടികൊഴിയുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

മാനസിക സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ് കുറയ്ക്കുക എന്നതാണ് മുടികൊഴിച്ചില്‍ കുറയ്ക്കാനുള്ള ഒരു മാര്‍ഗം. ആവശ്യത്തിനും അനാവശ്യത്തിനുമായി ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ ഇക്കാലത്ത് ഏറെയാണ്. അമിതമായ മാനസിക സമ്മര്‍ദ്ദം പലതരത്തിലും അപകടകരമാണ്. അതുകൊണ്ടുതന്നെ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമം, യോഗ എന്നിവ ദിവസവും ശീലമാക്കുക. മുടികൊഴിച്ചില്‍ കുറയാനും ഇത് സഹായിക്കുന്നു.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയ്ക്ക് നല്ലതാണ്. മുട്ടയും പാലും പഴങ്ങളും പച്ചക്കറികളും എല്ലാം കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇവ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

Read also: ‘ഇനി വിഷ്ണുവല്ല, അയൺമാനാണ്’; ട്രയാത്തലോൺ മത്സരത്തിൽ മലയാളിയുടെ മിന്നും പ്രകടനം

കനത്ത വെയിലില്‍ നിന്നും തലമുടിയെ മാറ്റി നിര്‍ത്തുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിനായി പുറത്തു പോകുമ്പോള്‍ ഷാള്‍ ഉപയോഗിച്ച് തലമുടി കവര്‍ ചെയ്യുകയോ അല്ലെങ്കില്‍ തൊപ്പി ധരിക്കുകയോ ചെയ്യാം. അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി തലയില്‍ ഏല്‍ക്കുമ്പോള്‍ മുടി കൊഴിയാന്‍ സാധ്യത കൂടുതലാണ്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു തുണി ഉപയോഗിച്ച് തലമുടി കവര്‍ ചെയ്തതിന് ശേഷം ഹെല്‍മറ്റ് ഉപയോഗിക്കുന്നതും മുടികൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കുന്നു.

Story highlights-Healthy tips to reduce hair fall