‘ഛർദിലും മുഴുവൻ ചോരയും ശരീരം മൊത്തമായിട്ടും ഒരു ഭാവ വ്യത്യാസമില്ലാതെ അവനിരുന്നു’; മകനെക്കുറിച്ച് അഭിമാനക്കുറിപ്പുമായി വോളിബോൾ താരം

December 13, 2023

സംസ്ഥാന വോളിബോൾ സർക്യൂട്ടിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് കിഷോർ കുമാർ. ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ ആയ കിഷോർ കുമാർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ, മകനെക്കുറിച്ച് ഒരു അഭിമാന നിമിഷം പങ്കുവയ്ക്കുകയാണ് കിഷോർ. യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടൊരാളെ രക്ഷിച്ചതിനെ കുറിച്ചാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. അതിനൊപ്പം, ആ സംഭവത്തോടുള്ള മകന്റെ പ്രതികരണമാണ് കിഷോർ കുറിക്കുന്നത്. (volleyball captain kishore kumar facebook post)

കിഷോറിന്റെ വാക്കുകൾ;

ഇത് എന്റെ മകൻ.പേര് ഇന്ദ്രദത്ത്. ഞങ്ങൾ കിച്ചു എന്ന് വിളിക്കും. കുറച്ചുദിവസം മുൻപ് ഞങ്ങൾ വൈകുന്നേരം പ്രാക്ടീസ് ചെയ്യുവാൻ നിക്കറും ബനിയനുമിട്ടു പ്രാക്ടീസ് ഡ്രെസിൽ കാറുമെടുത്തു പോകുകയായിരുന്നു. വീടിന്റെ അടുത്ത് തന്നെ മെയിൻ റോഡിലേക്ക് കയറുമ്പോൾ ചെറിയ ഒരാൾക്കൂട്ടം. പെട്ടെന്ന് വണ്ടി സൈഡ് ആക്കി ഞാനും മോനും ഓടിച്ചെന്നു. ഒരാൾ തല പൊട്ടി റോഡിൽ കിടക്കുന്നു.തൊട്ടരികിൽ ഒരു പയ്യൻ രണ്ടു കയ്യിലും ചോര ഒലിപ്പിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു.അച്ഛനും മകനുമാണെന്നു തോന്നി.എന്തോ ബൈക്ക് ആക്സിഡന്റ് ആണെന്ന് തോന്നുന്നു.ഹെൽമെറ്റ് തലയിൽ നിന്നൂരി തെറിച്ചു പോയിരിക്കുന്നു. ജീവൻ ഉണ്ടോ ഇല്ലയോ എന്ന് ഒരു പിടിയും കിട്ടുന്നില്ല.ഞാൻ പറഞ്ഞു എല്ലാവരും ഒന്ന് പിടിച്ചേ. ഹോസ്പിറ്റലിൽ കൊണ്ട് പോകാം.കൂടി നിന്നവരെല്ലാവരും കൂടി എന്റെ കാറിലേക്ക് കയറ്റി. കൂടെ ആരും വന്നില്ല.

ഞാനും മകനും കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു. ഞാൻ മകനോട് പറഞ്ഞു ആളെ മുറുക്കി കെട്ടിപിടിച്ചു ഇരിക്കണം.എന്ത് വന്നാലും വിടരുത് . എന്തെങ്കിലും സംഭവിച്ചാൽ പോലും പേടിക്കാതെ പിടിച്ചോണം. അയാളുടെ മകനെ ഫ്രണ്ട് സീറ്റിലിരുത്തി. ലൈറ്റുമിട്ടു കോലഞ്ചേരി മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി ഒരൊറ്റപറക്കൽ. പോകുന്ന പോക്കിൽ പരിക്ക് പറ്റിയ ആളുടെ മകനോട് പറഞ്ഞു വീട്ടിൽ ആരെയെങ്കിലും വിളിക്കാൻ . പയ്യൻ ഭയങ്കര കരച്ചിൽ.വിളിച്ചു കിട്ടി .ഞാൻ ആരാണെന്നു ചോദിച്ചു അവന്റെ അമ്മയാണെന്ന് പറഞ്ഞു. ഞാൻ അവരോടു ഒരു ചെറിയ ആക്സിഡന്റ് ഉണ്ടെന്നും കോളേജിലേക്ക് ഉടൻ വരണമെന്നും പറഞ്ഞു. അവർ പരിഭ്രാന്തയായി. ഞാൻ പറഞ്ഞു മകനോട് സംസാരിച്ചോളാൻ. എന്നിട്ടു അവനോടു കരയാതെ സംസാരിക്കാൻ പറഞ്ഞു . അപ്പോൾ അച്ഛനെവിടെ എന്ന് ചോദിച്ചു . അച്ഛന് പുറകില് ഇരിപ്പുണ്ടെന്നു പയ്യനെക്കൊണ്ട് പറയിപ്പിച്ചു . എന്നിട്ടു കോലഞ്ചേരിക്ക് പറ പറന്നു.


കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അയാൾ ഒരു പ്രത്യേക ഏമ്പക്കം വിട്ടു തുടങ്ങി. പിന്നേ ഭയങ്കര ഛർദി.മകന്റെ മുഖത്ത് അല്ലാതെ എല്ലായിടത്തും ഛർദിച്ചു. എന്നിട്ടും ആ ഛർദിലും മുഴുവൻ ചോരയും ശരീരം മൊത്തമായിട്ടും ഒരു ഭാവ വ്യത്യാസമില്ലാതെ നെഞ്ചിനോട് ഒരു പരിചയവുമില്ലാത്ത ഒരാളിനെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കുന്ന അവന്റെ മുഖം ആ കണ്ണാടിയിലൂടെ ഞാൻ കണ്ടത് ഇപ്പോഴും ഓർക്കുന്നു. ഞാൻ പറഞ്ഞു മോനെ അയാളെ നോക്കണ്ട. അയാൾക്ക്‌ എന്ത് സംഭവിച്ചാലും മോൻ ധൈര്യമായിട്ടിരിക്കണം. ഇല്ലച്ഛാ …അച്ഛന് ധൈര്യമായിട്ടു വണ്ടി വിട്ടോ.അങ്ങിനെ ഹോസ്പിറ്റലിൽ എത്തി. icuവിൽ കയറ്റി.അപ്പോൾ ഒരമ്മയും ഒരു മകളും അവിടെ കാത്തിരിക്കുന്നുണ്ടിയിരുന്നു . ഞാൻ എന്റെ ഫോൺ നമ്പർ ഹോസ്പിറ്റലുകാർക്കു കൊടുത്തു .അവിടെ ആളുണ്ടെന്ന് ഉറപ്പാക്കി ഞാനും മകനും വീട്ടിലേക്കു തിരിച്ചു പോന്നു .ഇന്നോവ കാർ നിറച്ചും ഛർദിലും ചോരയും. കാർ കഴുകിയാൽ ഓക്കേ.
വലിയ വൃത്തിക്കാരനായ അവനെ നോക്കി ഞാൻ ചോദിച്ചു മോന് ഛർദിലും ചോരയും ആയിട്ട് വിഷമമുണ്ടോ എന്ന്. ഇല്ലച്ഛാ ഇപ്പൊ ഈ ശരീരത്തിൽ കിടക്കുന്ന ഛർദിലും ചോരയും എനിക്കറപ്പു തോന്നുന്നേ ഇല്ല. അച്ഛൻ വിഷമിക്കണ്ട.വീട്ടിൽ പോയി അവനും കുളിച്ചു.ആ രാത്രി തന്നെ വണ്ടിയും കഴുകി.

Read also: ലോകത്തെ 260 ദശലക്ഷം ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ഏഴിനാണ്!

അന്ന് രാത്രിയും പിറ്റേന്നും എല്ലാ ദിവസവും അവരുടെ ഭാര്യ വിവരങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. അവരുടെ ഭാര്യ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു. അവരുടെ സ്‌കൂളിൽ സ്പോർട്സ് ഡേയ്ക്ക് ഞാൻ ചീഫ് ഗസ്റ്റ് ആയി പോയപ്പോൾ മുതൽ എന്നെ അറിയാം എന്നും പറഞ്ഞു.എന്തായാലും കുറച്ചു ദിവസങ്ങൾക്കു ശേഷം അവർ പൂർണ സുഖമായെന്നും ഡിസ്ചാർജ് ആയെന്നും അവരുടെ ഭാര്യ വിളിച്ചു പറഞ്ഞപ്പോൾ അതറിഞ്ഞ ഉടനെ ഞാൻ പയ്യനോട് ഈ വിവരം പറഞ്ഞു .ഒരു ചെറുപുഞ്ചിരിയോടൊപ്പം ആ വലതു കൈ മടക്കി പുറകോട്ടൊരു വലി വലിച്ചു..yesssss എന്നൊരു സൗണ്ടും. മകനെക്കുറിച്ചു ഓർത്തു അഭിമാനിക്കാനുണ്ടായ ഒരു സംഭവം.അതെപൊലെ ഒരു മനുഷ്യ ജീവൻ തിരിച്ചു കിട്ടിയതിന്റെ കാരണക്കാരനായതിന്റെ വലിയ ഒരു ആഹ്ലാദവും..സന്തോഷം …അഭിമാനം.

Story highlights- volleyball captain kishore kumar facebook post