വീണ്ടും വരുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരള സ്ട്രൈക്കേഴ്സിനെ നയിക്കാൻ കുഞ്ചാക്കോ ബോബൻ

February 8, 2024

വീണ്ടും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആവേശം.. ടൂർണമെന്റിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ നയിക്കും. പതിനേഴംഗ ടീമിനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിന് ഫെബ്രുവരി 23-ന് തുടക്കമാകും. കേരള സ്ട്രൈക്കേഴ്സിനെ കൂടാതെ തെലുഗു വാരിയേഴ്സ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, പഞ്ചാബ് ഡി ഷേര്‍, ബോജ്പുരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ( Kerala Strikers announced the team for CCL )

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ടീമിലെ പ്രധാന സിനിമാതാരങ്ങള്‍. സംവിധായകർ, ഗായകര്‍, സംഗീത സംവിധായകര്‍ തുടങ്ങിയവരെല്ലാം ടീമിന്റെ ഭാഗമാണ്. 2011 ൽ ആരംഭിച്ച സിസിഎല്‍ ടൂർണമെന്റിൽ കേരള സ്‌ട്രൈക്കേഴ്‌സ് ഇതുവരെ കിരീടം നേടിയിട്ടില്ല.

കേരള സ്ട്രൈക്കേഴ്സ് ടീം: കുഞ്ചാക്കോ ബോബന്‍ (ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ഥ് മേനോന്‍, ഷെഫീഖ് റഹ്മാന്‍, നിഖില്‍ കെ മേനോന്‍, വിജയ് യേശുദാസ്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്സാണ്ടര്‍, സിജു വില്‍സണ്‍.

Read Also : ‘സ്വിംകറ്റ്’; ഈ ക്രിക്കറ്റ് കളിയിൽ റണ്ണെടുക്കാൻ നീന്തണം, വീഡിയോ വൈറൽ..!

തെലു​ഗു വാരിയേഴ്സാണ് നിലവിലെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ജേതാക്കൾ. 2015, 2016, 2017, 2023 വർഷങ്ങളിലായി നാല് തവണ ജേതാക്കളായ തെലുഗു വാരിയേഴ്സാണ് കൂടുതൽ തവണ കിരീടം നേടിയത്. കര്‍ണാടക ബുള്‍ഡോസേഴ്സ് (2013, 2014), ചെന്നൈ റൈനോസ് (2011, 2012) എന്നിവര്‍ രണ്ട് വീതം കിരീടങ്ങള്‍‌ നേടി. മുംബൈ ഹീറോസ് (2019) ഒരു തവണയും ജേതാക്കളായി. കേരള സ്ട്രൈക്കേഴ്സ് 2014, 2017 വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പായിരുന്നു.

Story highlights : Kerala Strikers announced the team for CCL