വ്യത്യസ്ത യാത്രാനുഭവവും വേറിട്ട കഥാപശ്ചാത്തലവും; മഞ്ഞുമ്മൽ ബോയ്‌സിന്റെ ‘റെഡ് ക്വാളിസ്’ നാളെ ഓടിത്തുടങ്ങും..

February 21, 2024

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ് നാളെ തിയേറ്ററില്‍ എത്തുകയാണ്. അതോടൊപ്പം തന്നെ ചിത്രത്തിലെ റെഡ് ക്വാളിസും വാര്‍ത്തയില്‍ നിറയുകാണ്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്കുള്ള ഇവരുടെ യാത്രയില്‍ ഒപ്പമുണ്ടാകുക ഒരുകാലത്ത് വാഹനപ്രേമികള്‍ക്കിടയില്‍ താരമായിരുന്ന ടൊയോട്ട ക്വാളിസ് ആണ്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ഈ റെഡ് ക്വാളിസ് ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ( Manjummel Boys arrive tomorrow with red Qualis )

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു കൂട്ടം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’പറയുന്നത്. യഥാര്‍ഥ സംഭവത്തില്‍ 2004 മോഡല്‍ വൈറ്റ് കളര്‍ ക്വാളിസിലാണ് ആ സുഹൃദ്‌സംഘം കോടൈക്കനാലിലേക്ക് ടൂര്‍ പോയിരുന്നത്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിലെ ടാറ്റ സുമോയെപ്പോലെ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ടൊയോട്ട ക്വാളിസ്.

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ ചിദംബരം തന്നെയാണ് തയ്യാറാക്കിയത്.

Read Also : കൊടൈക്കനാൽ യാത്രകളുടെ നൊസ്റ്റാൾജിയ, ‘മഞ്ഞുമ്മൽ ബോയ്സ്’ലെ ട്രാവൽ സോങ് എത്തി

യാത്രയെയും യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു യാത്രാനുഭവത്തോടൊപ്പം വേറിട്ട കഥാപശ്ചാത്തലവും സമ്മാനിക്കും. മികവുറ്റ സാങ്കേതിക വിദ്യകളോടെയും ഗംഭീര സൗണ്ട് ട്രാക്കുകളോടും എത്തുന്ന ചിത്രം മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ തലവര മാറ്റുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നത്.

Story highlights : Manjummel Boys arrive tomorrow with red Qualis