‘പാപനാശം മനോഹരം’; ലോൺലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടി ഈ കടലോരം..

February 8, 2024

നിരവധി സവിശേഷതകളുള്ള കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വർക്കലയിലെ പാപനാശം ബീച്ച്. വെള്ളിനിറത്തിലുള്ള മണൽത്തരികളും ശാന്തമായ അന്തരീക്ഷവും വിശാലമായ ഈ കടലോരത്തിന്റെ പ്രധാന സവിശേഷതായാണ്. ടൂറിസം വ്യവസായത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. ഈ പദ്ധതികൾക്ക് കൂടുതൽ ഊർജം പകരുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ( Most beautiful beach Papanasam Varkala )

പ്രമുഖ ട്രാവൽ മാ​ഗസിനായ ‘ലോണ്‍ലി പ്ലാനറ്റ് ‘ പുറത്തിറക്കിയ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് പാപനാശം ബീച്ച്. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് പാപനാശത്തെ തെരഞ്ഞെടുത്തത്. ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നത്.

തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന പാപനാശം ബീച്ച് ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ്. കടൽതീരത്തോട് ചേർന്നുകിടക്കുന്ന പാറക്കെട്ടുകൾ തന്നെയാണ് പ്രധാന ആകർഷണം. ഭൗമശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഈ ത്രിതീയ അവശിഷ്ട രൂപീകരണമാണ് പാറക്കെട്ടുകൾ. ഭൗമശാസ്ത്രജ്ഞർക്കിടയിൽ ‘വർക്കല രൂപീകരണം’ എന്ന് വിളിക്കപ്പെടുന്ന ഒരു ഭൂഗർഭ സ്മാരകമാണിത്.

Read Also : വിസ്മയിപ്പിക്കുന്ന ആകാശ കാഴ്ച; ഇതാണ് ഇന്ത്യയുടെ അവസാനത്തെ റോഡ്!

ലാറ്ററൈറ്റ് മലഞ്ചെരു‌വിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന പ്രകൃതിദത്ത ഉറവയ്ക്ക് ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, അതിൽ വിവിധ ധാതുക്കൾ അടങ്ങിയിരിക്കുന്നു എന്നതാണ് കാരണം. അതോടൊപ്പം ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍. എന്നിവയും വര്‍ക്കലയിലുണ്ട്. മികച്ച പ്രകൃതി -ആയുര്‍വേദ ചികിത്സ കേന്ദ്രങ്ങളിലൂടെ വെല്‍നസ് ടൂറിസം കേന്ദ്രമായും വര്‍ക്കല മാറിയിട്ടുണ്ട്. പാരാസെയിലിംഗ്, സ്‌കൂബ ഡൈവിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും വര്‍ക്കലയില്‍ അവസരമുണ്ട്.

Story highlights : Most beautiful beach Papanasam Varkala