20 രൂപയ്ക്ക് വേണ്ടി സെയിൽസ് ഗേളായി തുടക്കം; ഇന്ന് 200 കോടി രൂപ ആസ്തിയുള്ള ഇന്ത്യൻ സംരംഭക!

February 20, 2024

ചില വിജയഗാഥകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. കഠിനാധ്വാനത്തിന് മുന്നിൽ എന്തും അസാധ്യമാണ്എന്നതിന്റെ നേർക്കാഴ്ചയാണ് ചിനു കല എന്ന യുവതിയുടെ ജീവിതം. ഒരു ഇന്ത്യൻ വനിതാ സംരംഭകയും ഫാഷൻ ലോകത്തെ ട്രെൻഡ് സെറ്റിംഗ് കോസ്റ്റ്യൂം ജ്വല്ലറി ബ്രാൻഡായ റൂബൻസ് സ്ഥാപകയുമാണ് ചിനു കല. ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നും ഉയർന്നുവന്ന രത്നമാണ് ചിനു എന്ന് നിസംശയം പറയാം. സ്വയം പഠിച്ചെടുത്ത ജ്വല്ലറി ഡിസൈനറായി തൻ്റെ സംരംഭക യാത്ര ആരംഭിച്ച ചിനു, ഇന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.

ചിനുവിന്റെ മനോഹരമായ ആഭരണങ്ങൾ ബ്ലേക്ക് ലൈവ്‌ലി, കെൻഡൽ ജെന്നർ, ബിയോൺസ് എന്നിവരുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ ചില സെലിബ്രിറ്റികളൊക്കെ ഉപയോഗിക്കുന്നുണ്ട്.

2013-ൽ റൂബൻസ് എന്ന സ്വന്തം ബ്രാൻഡ് ആരംഭിച്ച ചിനു കല ഒരു ചെറിയ പട്ടണത്തിൽ വളർന്നെങ്കിലും ഫാഷനിലും ഡിസൈനിലും എപ്പോഴും താൽപ്പര്യമുണ്ടായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഡിസൈനർ ആകുക എന്ന സ്വപ്നത്തിനായി അവർ ഡൽഹിയിലേക്ക് മാറി. എന്നിരുന്നാലും, അത് അത്ര എളുപ്പമല്ലെന്ന് പെട്ടെന്ന് മനസ്സിലായി.

ഡിസൈനിങ്ങിൽ പരിശീലനമൊന്നുമില്ലാത്തതിനാൽ, ഫാഷൻ്റെ കടുത്ത മത്സരലോകത്ത് ജോലി കിട്ടാൻ ചിനു ബുദ്ധിമുട്ടി. പക്ഷേ നിരാശപ്പെടാതെ അവർ സ്വന്തമായി ജ്വല്ലറി തുടങ്ങാൻ തീരുമാനിച്ചു. ചിനുവിന്റെ ആദ്യ ശേഖരം പരമ്പരാഗത ഇന്ത്യൻ കലയായ മീനകാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

15 വയസിൽ വീട്ടിലെ പ്രശ്നങ്ങളെത്തുടർന്നായിരുന്നു 300 രൂപയുമായി ചിനുവിന്റെ ഒളിച്ചോട്ടം. അന്ന് റയിൽവെ സ്റ്റേഷനുകളിൽ ഉറങ്ങിയിരുന്ന ചിനു ജീവിക്കാനായി 20 രൂപയ്ക്ക് സെയിൽസ് ഗേളായും ജോലി ചെയ്തിരുന്നു. ഇന്ന് സ്വപ്നത്തെ പിന്തുടർന്ന് തുടങ്ങിയ ആ ഓട്ടം 200 കോടി ആസ്തിയിൽ എത്തിനിൽക്കുമ്പോൾ ഇന്ത്യൻ ജനതയ്ക്ക് ഒന്നടങ്കം അഭിമാനമാകുകയാണ് ചിനു കല.

Read also: അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമായി ടൈപ്പ്റൈറ്ററിൽ തെളിയുന്ന വിസ്മയം; വ്യത്യസ്തമായി ജെയിംസിന്റെ ചിത്രരചന

വീട് വിട്ടിറങ്ങി ആദ്യത്തെ എട്ടുവർഷം വിവിധ ജോലികൾ അവർ ചെയ്തു. 2004ൽ വിവാഹിതയായ ചിനു സുഹൃത്തുക്കളുടെ പിന്തുണയിൽ ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കുകയും വിജയം വരെ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതല്ല തന്റെ മേഖല എന്ന ബോധ്യത്തിൽ അവർ പിന്നീട് മോഡലിങ്ങ് രംഗത്തേക്ക് എത്തുകയും അവിടെ നിന്നും തന്റെ സംരംഭകത്വം ആരംഭിക്കുകയും ചെയ്തു. റൂബൻസ് എന്ന ബ്രാൻഡ് ആരംഭിച്ച് വെറും അഞ്ചുവർഷം പിന്നിട്ടപ്പോൾ തന്നെ 200 കോടി എന്ന നേട്ടം ചിനു സ്വന്തമാക്കി. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ആളുകൾ പിന്തുടരുന്ന റൂബൻസ് അന്തരാഷ്ട്ര നിലയിൽ ഇന്ത്യക്ക് അഭിമാനമാണ്.

Story highlights- success story of chinu kala