ഈ നാട്ടിൽ ചെരുപ്പിടുന്നത് ശിക്ഷാർഹം; നഗ്നപാദർക്ക് മാത്രം പ്രവേശനമുള്ള തമിഴ്‌നാടൻ ഗ്രാമം

February 2, 2024

ഇന്ത്യൻ സംസ്കാരവും പാരമ്പര്യങ്ങളും വിശ്വാസങ്ങളും വളരെയധികം വിഭിന്നവും ലോകം ഉറ്റുനോക്കുന്നതുമാണ്. ഇന്ത്യയിലുടനീളം ഈ വൈവിധ്യം നമുക്ക് കാണാൻ സാധിക്കും. പലതും സംസ്കാരങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അത്തരത്തിലൊന്നാണ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ഉൾനാടൻ ഗ്രാമം. ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ ഹിൽസ്റ്റേഷനായ കൊടൈക്കനാലിന് സമീപം സ്ഥിതി ചെയ്യുന്ന വെള്ളഗാവി എന്ന ഗ്രാമമാണ് വിഭിന്നമായ ഒരു സംസ്കാരം പിന്തുടരുന്നത്.

ട്രെക്കിങ്ങ് ഹരമായവർക്ക് ഇവിടേക്ക് പോകുന്നത് മനോഹരമായ ഒരു അനുഭവം ആയിരിക്കും. ഈ ഗ്രാമത്തിലെത്താൻ കൊടൈക്കനാലിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ നടന്ന് പോകണം. ഈ ഇടുങ്ങിയ പാതയിലെല്ലാം നിങ്ങൾക്ക് ട്രെക്കിങ്ങിന്റെ ഹരമുണ്ടാകുമെങ്കിലും ഗ്രാമത്തിൻ്റെ പ്രവേശന കവാടത്തിൽ എത്തിയാൽ പാദരക്ഷകൾ പുറത്ത് ഉപേക്ഷിക്കണം. തുടർന്ന് നഗ്നപാദനായി ട്രെക്കിംഗ് നടത്താം. നൂറ്റാണ്ടുകളായി ഇവിടെ പിന്തുടരുന്ന ഒരു ആചാരമാണിത്. ഗ്രാമത്തിനകത്ത് പാദരക്ഷകളുമായി നടക്കുന്ന ഒരു നിവാസിയെ പോലും നിങ്ങൾക്ക് കാണാൻ കഴിയില്ല.

തമിഴ്‌നാട്ടിലെ ഒരു വനത്തിലാണ് വെള്ളഗവി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ടൂറിസ്റ്റ് ഹിൽ സ്റ്റേഷന് സമീപമാണ് വെള്ളഗാവി സ്ഥിതി ചെയ്യുന്നതെങ്കിലും, വെള്ളഗാവി ഒരു വിനോദസഞ്ചാര കേന്ദ്രമല്ല. നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ ഗ്രാമത്തിൽ ഒരിടത്തും റോഡുകൾ നിർമ്മിക്കാത്തതിനാൽ, വീടുകളും ധാരാളം ക്ഷേത്രങ്ങളും ഉൾക്കൊള്ളുന്ന ഇടുങ്ങിയ വഴികളിലൂടെയാണ് യാത്രക്കാർ കടന്നുപോകേണ്ടത്.

Read also: മകന്റെ നീതിക്കായി പോരാടുന്ന പിതാവ്; പോലീസ് വേഷം ഉപേക്ഷിച്ച് അണിഞ്ഞത് വക്കീൽ കുപ്പായം!

300 വർഷം പഴക്കമുള്ള ഈ ഗ്രാമത്തിൽ പ്രവേശിക്കുമ്പോൾ പാദരക്ഷകൾ പുറത്ത് ഉപേക്ഷിക്കുക എന്നതാണ് ആകെ ശ്രദ്ധിക്കേണ്ട കാര്യം. കാട് താണ്ടി എത്തുമ്പോൾ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിൽ തന്നെ മുന്നറിയിപ്പ് നൽകുന്ന ബോർഡ് കാണാം. വീടുകളും ക്ഷേത്രങ്ങളും നിരനിരയായി നിർമ്മിച്ചിരിക്കുന്നത് ഈ ഗ്രാമത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. 25 ക്ഷേത്രങ്ങളോളം ഈ ഗ്രാമത്തിൽ ഉണ്ട്. ഈ ഗ്രാമം ദൈവികമാണെന്നും അതിനാൽ ചെരുപ്പ് ധരിക്കരുത് എന്ന് നിവാസികൾ വിശ്വസിക്കുന്നു. വിശ്വാസികളും ദൈവവും ഒരേ സ്ഥലത്താണ് താമസിക്കുന്നതെന്ന് അവർ പറയുന്നു. ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാത്തതുപോലെ, ഗ്രാമത്തിലും ആർക്കും അവ ധരിക്കാൻ കഴിയില്ല.

Story highlights- vellagavi the barefoot village