പ്രകൃതിക്ക് വേണ്ടി ആചാരങ്ങൾ മാറ്റിമറിച്ച ഒരു ജനവിഭാഗം!

March 5, 2024

പലതരം ആചാരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ പ്രകൃതി സംരക്ഷണം പോലും ആചാരമാക്കിയ ഒരിടമുണ്ട്. അതും നമ്മുടെ ഇന്ത്യയില്‍. ഗോണ്ട് സമുദായമാണ് ഇത്തരത്തില്‍ പ്രകൃതി സ്‌നേഹം എന്നത് വാക്കുകളില്‍ ഒതുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. മധ്യ ഇന്ത്യയിലെ ഒരു ജനവിഭാഗമാണ് ഗോണ്ട് സമുദായം. ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗം കൂടിയാണ് ഇവര്‍. മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, ഒറീസ എന്നിവിടങ്ങളിലായാണ് ഗോണ്ട് വിഭാഗം വ്യാപിച്ചുകിടക്കുന്നത്.

പ്രകൃതിയുമായി വളരെയേറെ അടുപ്പം സൂക്ഷിക്കുന്നവരാണ് ഗോണ്ട് വിഭാഗക്കാര്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉള്ളുകൊണ്ട് ആത്മീയമായൊരു ബന്ധം പോലുമുണ്ട് ഇവര്‍ക്ക് പ്രകൃതിയോട്. ഗോണ്ട് വിഭാഗക്കാര്‍ക്കിടയിലെ മൃതസംസ്‌കാര രീതി തന്നെ പ്രകൃതിയോടുള്ള ഇവരുടെ സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ആരെങ്കിലും മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതിയായിരുന്നു ഒരുകാലത്ത് ഇവരും പിന്തുടര്‍ന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ധാരാളം വിറകുകള്‍ വേണ്ടി വന്നു. മാത്രമല്ല പ്രകൃതിക്കും അത് പലതരത്തില്‍ ദോഷകരമാണ്. ഈ തിരിച്ചറിവില്‍ നിന്നും പിന്നീട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഈ രീതി തന്നെ ഇവര്‍ ഉപേക്ഷിച്ചു. മരിച്ചവരെ ദഹിപ്പിക്കുന്നതിന് പകരം അടക്കം ചെയ്താല്‍ പ്രകൃതിക്ക് അതാണ് നല്ലെതെന്ന് തിരിച്ചറിഞ്ഞ ഗോണ്ട് സമുദായം തങ്ങളുടെ ഭരണഘടനയില്‍ പോലും മൃതദേഹം അടക്കം ചെയ്യുന്നതിനെക്കുറിച്ച് ഉള്‍പ്പെടുത്തി.

പ്രകൃതിയെ സ്‌നേഹിക്കുന്ന ഗോണ്ട് വിഭാഗക്കാര്‍ മരണപ്പെടുന്ന പ്രിയപ്പെട്ടവരെ അടക്കം ചെയ്യാം എന്നുള്ള മൃതസംസ്കാര രീതിയെ സ്വാഗതം ചെയ്തു. നിലനിന്നു പോന്നിരുന്ന ചില പൈതൃകരീതികളെ ഇവര്‍ പ്രകൃതി സംരക്ഷണത്തിനുവേണ്ടി ഉപേക്ഷിക്കാന്‍ തയാറായി. പ്രകൃതി സംരക്ഷണം ഒരു ആചാരം പോലെയാണ് ഇവര്‍ക്ക് എന്നു വേണമെങ്കിലും പറയാം.

Read also: ‘ഇരുമെയ്യാണെങ്കിലും, കാലന്റെ കയറാണീ ടയറുകൾ’; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

ജീവിക്കാന്‍ ആവശ്യമായതെല്ലാം നല്‍കുന്നത് പ്രകൃതിയാണെന്ന് ഗോണ്ട് വിഭാഗക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ അളവറ്റതാണ് ഈ സമുദായക്കാര്‍ക്ക് പ്രകൃതിയോടുള്ള സ്‌നേഹവും. പ്രകൃതിയെ അതിന്റെ തനത് രൂപത്തില്‍ സംരക്ഷിച്ചുകൊണ്ട് മാതൃകയാവുകയാണ് ഗോണ്ട് വിഭാഗക്കാര്‍.

Story highlights- Gond community dropped ancient cremation ritual for save trees