2011-ൽ ജപ്പാനിലെ സുനാമിക്ക് ശേഷം കാണാതായ ഭാര്യയുടെ മൃതദേഹം തേടി എല്ലാ ആഴ്ചയും ആഴക്കടലിലേക്ക് പോകുന്ന ഭർത്താവ്!

March 8, 2024

ലോകത്തെ നടുക്കിയ ഒട്ടേറെ സംഭവങ്ങളിൽ ഒന്നായിരുന്നു 2011ൽ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും. ടോഹോക്കു അണ്ടർ വാട്ടർ ഭൂകമ്പവും അതിനെത്തുടർന്നുണ്ടായ സുനാമിയും ഒട്ടേറെ ആളുകളുടെ ജീവൻ നഷ്ടമാക്കി. ഏകദേശം ആറ് മിനിറ്റ് നീണ്ടുനിന്ന ഭൂകമ്പം റെക്കോർഡുകളും തകർത്തിരുന്നു. ജപ്പാനിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. കൂടാതെ 1900-ൽ ആധുനിക റെക്കോർഡ് സൂക്ഷിക്കൽ ആരംഭിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ ഭൂകമ്പവുമായിരുന്നു.

ഭൂകമ്പത്തെ തുടർന്ന് 40.5 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ രൂപപ്പെട്ടു. ഒട്ടേറെ സ്ഥലങ്ങളെയും ഈ ഭൂകമ്പവും സുനാമിയും ബാധിച്ചു. ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ ഒനഗാവയിൽ നിന്നും യുകോ തകാമത്സു എന്ന സ്ത്രീയും കാണാതായവരിൽ ഉൾപ്പെടുന്നു. ഈ സ്ഥലത്താണ് അവരെ അവസാനമായി കണ്ടത്. ആ ദുരന്തത്തിന് ശേഷം 12 വർഷങ്ങൾ കഴിഞ്ഞുപോയി.

എന്നാൽ അവരുടെ തിരിച്ചുവരവിനായോ അല്ലെങ്കിൽ മൃതദേഹത്തിനായോ കാത്തിരിക്കുകയാണ് ഭർത്താവ്. യാസുവോ തകാമത്സു എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇപ്പോളും അദ്ദേഹം ഭാര്യയുടെ മൃതദേഹം കണ്ടെത്തുമെന്ന പ്രതീക്ഷയോടെ എല്ലാ ആഴ്ചയും ഡൈവിംഗ് നടത്തുന്നു.

ഇപ്പോൾ 66 വയസ്സുള്ള യാസുവോ രണ്ടുവർഷത്തോളം കരയിലുടനീളം ഭാര്യയുടെ മൃതദേഹത്തിനായി തിരഞ്ഞു. എന്നാൽ 2013 മുതൽ ഡൈവിംഗ് ലൈസൻസ് ലഭിച്ചതോടെ വെള്ളത്തിലേക്ക് ശ്രദ്ധ തിരിച്ചു. അവിശ്വസനീയമെങ്കിലും, യുക്കോയുടെ മൃതദേഹം കണ്ടെത്തുമെന്ന പ്രതീക്ഷയിൽ യാസുവോ കഴിഞ്ഞ 9 വർഷമായി എല്ലാ ആഴ്‌ചയും ആഴക്കടലിൽ മുങ്ങുന്നു . താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ തിരച്ചിൽ തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്.

Read also: ‘മൂന്നടി മാത്രമുള്ളവനൊന്നും ഡോക്ടറാകാൻ കഴിയില്ല’; അവഗണിച്ചവർക്ക് മുന്നിൽ ഡോക്ടറായി കാണിച്ചുകൊടുത്ത് ഗണേഷ്

ഭാര്യയെ കാണാൻ പോകുന്നതുപോലെയാണ് അദ്ദേഹം ഡൈവിങ്ങിന് പോകുന്നതെന്ന് പറയുന്നു. ദുരന്തത്തിന് തൊട്ടുപിന്നാലെ അവരുടെ സെൽ ഫോണും മറ്റ് സാധനങ്ങളും കണ്ടെടുത്തു, പക്ഷേ മൃതദേഹം ഒരിക്കലും കണ്ടെത്തിയില്ല.സുനാമി ആഞ്ഞടിച്ചപ്പോൾ, യുക്കോ ജോലി ചെയ്തിരുന്ന ബാങ്കിൽ ആയിരുന്നു. സുനാമി വിനാശകരമാണ് എന്നതായിരുന്നു യുക്കോയുടെ അവസാന സന്ദേശവും.

Story highlights- man goes diving every week looking for his wife’s body