ബോണക്കാട്ട് പ്രേതബംഗ്ളാവിലെ പതിമൂന്നുകാരി!

March 21, 2024

അഗസ്ത്യ മലയുടെ താഴെ വിറക് പെറുക്കാൻ പോയതാണ് ഒരു കൊച്ചുപെൺകുട്ടി. അവിടെ സമീപത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ളാവിന്റെ പരിസരത്തും അവൾ വിറക് തേടിയെത്തി. സന്ധ്യ മയങ്ങി വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു അവൾ. പക്ഷേ മടങ്ങിയെത്തിയതോടെ എഴുത്തും വായനയും അറിയാത്ത അവൾ പിന്നെ സംസാരിച്ചതെല്ലാം ഒഴുക്കോടെ, നല്ല ബ്രിട്ടീഷ് ഇംഗ്ളീഷിൽ ആയിരുന്നു. ആ സന്ധ്യയിൽ എന്തായിരിക്കും അവൾക്ക് സംഭവിച്ചത്? ആർക്കും കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. കാരണം, അവൾ പോയത് ബോണക്കാട് ബംഗ്ളാവിന്റെ പരിസരത്തേക്ക് ആയിരുന്നു.

പല രാത്രികളിലും പകലുകളിലും നാട്ടുകാർ ബംഗ്ളാവിനുള്ളിലെ ജനാലയിലൂടെ കണ്ട പെൺകുട്ടിയുടെ പ്രേതത്തെ അവളും കണ്ടിരുന്നു. ബോണക്കാട് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് വരുന്നത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആ പതിമൂന്നുകാരി ബ്രിട്ടീഷ് പെൺകുട്ടിയുടെ കഥയാണ്. പച്ചപ്പിന്റെ ഭംഗി പൊതിഞ്ഞ അഗസ്ത്യ മലയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ബോണക്കാട് ബംഗ്ളാവിലേക്ക് എത്തുന്നവർ ഈ കഥയുടെ ചുരുൾ തേടിയെത്തുന്നവരാണ്. ഭയത്തിന്റെയും അതിമനോഹരമായ കാഴ്ചകളുടെയും സംഗമ സ്ഥലമായ ബോണക്കാട് ബംഗ്ളാവ് സാഹസികത ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന സ്ഥലമാണ്.

വിജനവും ഉപേക്ഷിക്കപെട്ടതുമായ സ്ഥലങ്ങളെക്കുറിച്ച് പൊതുവെ കഥകൾ പരക്കാറുണ്ട്. എന്നാൽ, അങ്ങനെയല്ല ബോണക്കാട് ബംഗ്ലാവിന്റെ ചരിത്രം. നൂറ്റാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്ത് എത്തിയ ബ്രിട്ടീഷുകാർ അവിടെ തേയിലക്കൃഷി ആരംഭിച്ചു. നമ്മുടെ നാട്ടുകാർ തന്നെ ആയിരുന്നു ഇവിടുത്തെ തൊഴിലാളികൾ. കൊടുംകാടായിരുന്ന ഇവിടെ 2500 ഏക്കർ സ്ഥലത്ത് തേയിലക്കൃഷി തുടങ്ങി. തൊഴിലാളികൾക്ക് താമസിക്കാൻ ലായങ്ങളും പണിതു. ഈ എസ്റ്റേറ്റിന്റെ മാനേജർക്ക് കുടുംബസമേതം താമസിക്കാൻ 1951 ൽ പണിതതാണ് പിൽകാലത്ത് പ്രേതകഥകളിൽ നിറഞ്ഞ ബോണക്കാട് ബംഗ്ളാവ്.

25 GB എന്ന് പേരുള്ള ഈ ബംഗ്ലാവില്‍ താമസിച്ചിരുന്ന ബ്രിട്ടീഷ് വംശജനായ മാനേജർക്ക് പക്ഷെ അധികനാൾ ഇവിടെ കഴിയാൻ സാധിച്ചില്ല. ബോണക്കാട് താമസമാക്കി അധികം വൈകാതെ അയാളുടെ പതിമൂന്നുകാരിയായ മകൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. അതോടെ മനസുമടുത്ത് മാനേജർ ബംഗ്ളാവ് ഉപേക്ഷിച്ച് ഇന്ത്യ തന്നെ വെറുത്ത് ലണ്ടനിലേക്ക് പോയി. അതിനു ശേഷം ഇവിടെ താമസക്കാരായ പലരും ജനാലയ്ക്ക് സമീപം ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ കണ്ടുതുടങ്ങി. ആ കൊച്ചുപെൺകുട്ടിയുടെ അലർച്ചകളും അട്ടഹാസങ്ങളും രാത്രികളല്ലാത്ത നേരത്ത് പോലും കേൾക്കുന്നുവെന്നും കഥകളുണ്ട്. അങ്ങനെയാണ് വിറകുപെറുക്കാൻ എത്തിയ പെൺകുട്ടിയുടെ കഥയും പ്രചരിക്കുന്നത്. പക്ഷേ, ബ്രിട്ടീഷ് പെൺകുട്ടിയുടെ പ്രേതബാധയേറ്റ ആ നാടൻ പെൺകുട്ടി ആ സംഭവത്തിന് ശേഷം അധികനാൾ ജീവിച്ചിരുന്നില്ല എന്ന കഥയാണ് ആളുകളെ കൂടുതൽ ഭയപ്പെടുത്തുന്നത്.

Read also: 201 മത്സരങ്ങളിൽ ഒരൊറ്റ ജയം മാത്രം; 20 വർഷത്തിനിപ്പുറം മറ്റൊരു ജയം സ്വപ്‌നം കണ്ട് സാൻ മാരിനോ ഫുട്ബാൾ ടീം

എന്തായാലും തൊഴിലാളിസമരത്തെ തുടർന്ന് എസ്റ്റേറ്റ് പൂട്ടുകയും ബംഗ്ളാവും ലായങ്ങളും ഉപേക്ഷിക്കപെടുകയും ചെയ്തു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഈ ഇടത്തേക്ക് എത്തുമ്പോൾ അറിയാം സാമൂഹിക വിരുദ്ധരായ ആളുകളുടെ തട്ടകമാണ് ഇന്ന് ബോണക്കാട് ബംഗ്ലാവ് എന്ന്. നാട്ടുകാരും പ്രേതകഥകൾക്ക് അത്ര പിന്തുണ നൽകുന്നില്ല. അതുകൊണ്ടുതന്നെ സാമൂഹിക വിരുദ്ധരായ ആളുകൾ പറഞ്ഞുപരത്തുന്നതാണ് ഈ കെട്ടുകഥകൾ എന്നും ഒരു വിഭാഗം പറയുന്നു. എന്തായാലും, ഈ കഥകളുടെ പിന്നിലെ സത്യം ഇന്നും ആർക്കും അറിയില്ല. തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ബോണക്കാട്. വിതുരയിൽ നിന്നും നെടുമങ്ങാട് നിന്നും ബസ് മാർഗം ബോണക്കാട് എത്താം. ഒരു ദിവസത്തേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പോകാൻ പറ്റുന്ന ഇടവും കൃത്യമായി സംരക്ഷിച്ചാൽ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രവുമായിരിക്കും ഇവിടം എന്നതാണ് ശ്രദ്ധേയം. പച്ചപ്പിന്റെയും പ്രകൃതിഭംഗിയുടെയും കാഴ്ചകൾ പക്ഷെ കാണാൻ ആളുകൾ എത്തുന്നത് കുറവായതോടെ ബോണക്കാട് ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Story highlights- spooky story of bonacaud bungalow