കശ്മീരിൽ നിന്ന് റഷ്യയിലേക്കൊരു രഹസ്യതുരങ്കമോ..? നിഗൂഢതകൾ നിറഞ്ഞ കാലാറൂസ് ഗുഹ..!

March 13, 2024

മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്‌സോഫീസ് ഹിറ്റായതോടെ ഗുണ കേവ് അടക്കം നിഗൂഢതകള്‍ നിറഞ്ഞ നിരവധി ഗുഹകളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഭൂമിയുടെ സവിശേഷ ഇടങ്ങളായിട്ടാണ് ഈ ഗുഹകള്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഗുഹകള്‍ക്ക് പറയാനുള്ളത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രമാണ്. ആദിമകാലത്ത് മനുഷ്യരും മൃഗങ്ങളുമെല്ലാം താമസിച്ചിരുന്നത് ഇത്തരം ഗുഹകളിലായിരുന്നു. പിന്നീട് വിവിധ രാജവംശങ്ങള്‍ ഭരണം നടത്തിയിരുന്ന സമയത്ത് വാസ്തുശാസ്ത്ര വിദ്യ പ്രകാരം ഗുഹകള്‍ നിര്‍മിച്ചിരുന്നു. യുദ്ധകാലത്ത് നിരവധി പോരാളികളുടെ ഒളിത്താവളങ്ങളായും ഈ ഗുഹകളെ ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ( The Mystic Caves of Kalaroos the Road to Russia )

ഗുണ കേവിനെ പോലെ നിഗൂഢതകള്‍ നിറഞ്ഞ ഒരു ഗുഹയാണ് കശ്മീരിലെ കുപ്വാരയില്‍ സ്ഥിതി ചെയ്യുന്ന കാലാറൂസ് ഗുഹകള്‍. അത്ഭുതകരമായ നിര്‍മാണവും പ്രകൃതി സൗന്ദര്യം കൊണ്ടും വിനോദ സഞ്ചാരികളുടെ പട്ടികയില്‍ ഇടംപിടിച്ച ഈ ഗുഹകളെ ചുറ്റിപ്പറ്റി ഒരു നിഗൂഢമായ കഥ നിലനിന്നിരുന്നു. ഗുണ കേവിനെ പോലെ അവിടെ എത്തുന്നവര്‍ക്ക് മരണക്കെണി ഒരുക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് കാലാറൂസ് ഗുഹകള്‍. ആദിമകാലം മുതല്‍ ഈ ഗുഹകളിലെവിടെയോ റഷ്യയിലേക്ക് കടക്കാന്‍ കഴിയുന്ന ഒരു രഹസ്യപാത നിലനിന്നിരുന്നെന്നായിരുന്നു പ്രദേശവാസികളടക്കം വിശ്വസിച്ചിരുന്നത്.

റഷ്യന്‍ കോട്ട എന്നര്‍ഥം വരുന്ന ക്വിലാ-റൂസ് എന്ന പദത്തില്‍ നിന്നാണ കാലാറൂസ് ഗുഹകള്‍ക്ക് ഈ പേരു കിട്ടിയതെന്നും പറയപ്പെടുന്നു. കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ നിന്നു 130 കിലോമീറ്റര്‍ അകലെ
ലഷ്തിയാല്‍, മഹദ്മാദു എന്നി രണ്ട് ഗ്രാമങ്ങളുടെ ഇടയിലാണ് ഈ ഗുഹകളുടെ സ്ഥാനം. 40 കിലോമീറ്ററോളം അകലെയുള്ള സോപോര്‍, ബാരാമുല്ല എന്നിവയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍.

ട്രാംഖാന്‍ എന്ന ഗുഹയാണ് മൂന്ന് ഗുഹകളില്‍ ഏറ്റവും കൂടുതല്‍ സവിശേഷതകള്‍ നിറഞ്ഞത്. വലിയതോതില്‍ ചെമ്പ് നിക്ഷേപമുള്ള ഈ ഗുഹയുടെ അകത്ത് ഏതോ അജ്ഞാത ഭാഷയില്‍ എഴുതിയ ബോര്‍ഡുണ്ട്. ഈ ഗുഹയ്ക്കുള്ളിലാണ റഷ്യയിലേക്കുള്ള രഹസ്യ തുരങ്കം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വാസം. തുരങ്കത്തിന്റെ ഒരുഭാഗം കശ്മീരിലും മറുഭാഗം റഷ്യയിലുമായിരുന്നെന്നാണു പ്രദേശവാസികള്‍ ധരിച്ചുവച്ചിരുന്നത്. കശ്മീരും റഷ്യയും തമ്മില്‍ ഏകദേശം നാലായിരത്തോളം കിലോമീറ്റര്‍ ദൂരമുണ്ട്.

ഏഷ്യന്‍ വന്‍കരയിലെ ചരിത്രപ്രസിദ്ധവും സാംസ്‌കാരിക പ്രസക്തിയുമുള്ളതായ കച്ചവടപാതകളായ സില്‍ക്ക് റൂട്ടിന്റെ കാലം മുതല്‍ ഈ തുരങ്കങ്ങള്‍ ഉണ്ടായിരുന്നു. ശൈത്യകാലത്ത് കശ്മീരും സമീപപ്രദേശങ്ങളും മഞ്ഞ് മൂടുന്നതോടെ ഈ തുരങ്കത്തിലൂടെ ആളുകള്‍ യാത്ര ചെയ്തിരുന്നു എന്നതായിരുന്നു വിശ്വാസം. ലഷ്തിയാല്‍ ഗ്രാമത്തില്‍ ഒരു ഭീമന്‍ കല്ല് സ്ഥിതി ചെയ്യുന്നുണ്ട്. ഈ കല്ലിലുള്ള ഏഴ് ദ്വാരങ്ങള്‍ കശ്മീരില്‍ നിന്നും റഷ്യയിലേക്കുള്ള ഏഴ് വഴികളെ സൂചിപ്പിക്കുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Read Also : മരണം വിരുന്നൊരുക്കിയ ഡെവിൾസ് കിച്ചൻ; ആകെ രക്ഷപ്പെട്ടത് ഒരേയൊരാൾ- ഗുണ കേവിന്റെ യഥാർത്ഥ കഥ!

എറിക് ഫൈസ്, ആംബര്‍ എന്നി അമേരിക്കന്‍ പര്യവേക്ഷകര്‍ 2018-ല്‍ കാലാറൂസ് ഗുഹകളെക്കുറിച്ച് പഠിക്കാനായി കശ്മീരിലെത്തി. കലാറൂസിലെ മൂന്ന് ഗുഹകളിലും ഇവര്‍ പഠനം നടത്തിയെങ്കിലും റഷ്യയിലേക്കുള്ള രഹസ്യപാത കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കാലാറുസിന്റെ റഷ്യന്‍ ബന്ധം കെട്ടുകഥയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു ഈ സംഘം.

Story highlights : The Mystic Caves of Kalaroos the Road to Russia