വിദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഒരു ഇന്ത്യക്കാരൻ…

July 25, 2018

വിദേശത്ത് ജോലി സ്വപ്നം കണ്ട് പുറം നാടുകളിൽ എത്തപ്പെടുന്നവരെ കാത്തിരിക്കുന്നത് പലപ്പോഴും ദുരിതവും കഷ്‌ടപ്പാടുകളുമൊക്കെയാണ്. ഇത്തരത്തിൽ നാട്ടിലേക്ക് പോകാൻ പോലുമുള്ള പണമില്ലാതെ വിദേശത്ത് ദുരിതമനുഭവിക്കുന്നവരെ മുന്നിൽ കണ്ട് ഇവർക്ക് വേണ്ടി പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ് പല്ലവ് എന്ന ഇന്ത്യൻ യുവാവ്. യുവാവിന്റെ ഈ സത്പ്രവർത്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.

നാട്ടിൽ എത്തപെടാൻ പണമില്ലാതെ കഷ്‌ടപ്പെടുന്നവരെ കണ്ടാണ് പല്ലവ് ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നത്. താന്‍ ഒരിക്കലും കാണാത്ത മകന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി പോകുന്ന ഒരു അച്ഛനെ കണ്ടതോടെയാണ്പല്ലവ് പണമില്ലാതെ കഷ്ടപ്പെടുന്നവരുടെ വേദന മനസിലാക്കി ഇവരെ സഹായിക്കുന്നതിനായി  പരിപാടികൾ പ്ലാൻ ചെയ്ത് തുടങ്ങിയത്. മകന്റെ ജനനത്തിന് ശേഷം ഒരു തവണ പോലും ആ അച്ഛന് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഈ വാർത്ത പല്ലവിനെ വല്ലാതെ വേദനിപ്പിച്ചു. നാട്ടിൽ പോകാൻ സാധിക്കാത്ത തൊഴിലാളികള്‍ക്കായി പണം ശേഖരിക്കാന്‍ പല രീതിയിലും പല്ലവ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.

ഒടുവില്‍ ഇന്‍ഷുറന്‍സ് എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു ഈ ചെറുപ്പക്കാരൻ. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഈ ഇന്‍ഷുറന്‍സ് പാവങ്ങൾക്കായി പല്ലവ് ഒരുക്കിയിരിക്കുന്നത്. യൂണിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പല്ലവിന്റെ ഈ പദ്ധതിയിലൂടെ 200 ലേറെ പേര്‍ക്കാണ് ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.