മമ്മൂട്ടിക്കായി സംവിധായകൻ കാത്തിരുന്നത് ഏഴ് വർഷങ്ങൾ…

July 16, 2018

പല തിരക്കഥാകൃത്തുക്കളും കഥ എഴുതുന്നത് തന്നെ ചില നടന്മാരെ മനസ്സിൽ കണ്ടുകൊണ്ടാണ്..ഇതുപോലെ മമ്മൂട്ടി എന്ന നടനെ മനസ്സിൽ കണ്ട് സിനിമ ചെയ്യാൻ തീരുമാനിച്ച സംവിധായകന് കാത്തിരിക്കേണ്ടി വന്നത് ഏഴ് വർഷങ്ങൾ. ‘പേരന്‍പ്’എന്ന ചിത്രം ചെയ്യാൻ തീരുമാനിച്ചപ്പോൾ സംവിധായകൻ റാമിന്റെ മനസ്സിലുണ്ടായിരുന്ന മുഖം മമ്മൂട്ടിയുടേതായിരുന്നു. അദ്ദേഹത്തെ വെച്ച്‌ ചെയ്താലേ ഈ സിനിമ ശരിയാവുള്ളൂ എന്ന് റാം തീരുമാനിച്ചിരുന്നു.പിന്നീട് മമ്മൂട്ടിയുടെ ഡേറ്റിനായി റാം കാത്തിരിക്കുകയായിരുന്നു. എന്തായാലും ഏഴ് വർഷങ്ങൾക്ക് ശേഷം ചിത്രം സ്‌ക്രീനിൽ എത്തുമ്പോൾ ഈ തീരുമാനം ശരിയായിരുന്നുവെന്ന് റാമിനൊപ്പം ആരാധകരും ശരിവെക്കുന്നു.

സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ കൈയ്യടി നേടിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ പതിനേഴാം സ്ഥാനത്ത് ഈ ചിത്രം നേരത്തെ എത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ഈ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് പതിനേഴാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിൽ ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനുമായ ഒരു പിതാവായിട്ടാണ് മമ്മൂട്ടി എത്തുന്നത്. അമുധന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കിയ ചിത്രത്തിൽ തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.