മാനത്തെ മാരിവിൽ ചിറകിലേറി മമ്മൂട്ടിയും ലക്ഷ്മി റായിയും… കുട്ടനാടൻ ബ്ലോഗിലെ പുതിയ ഗാനം കാണാം

നവാഗതനായ സേതു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടൻ ബ്ലോഗി’ന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മാനത്തെ മാരിവിൽ ചിറകുപോലെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാടൻ പാട്ടിന്റെ ചേലിൽ ഒരുക്കിയ  ‘ഏലംപാടി ഏലേലേലോ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ വള്ളംകളിക്കൊപ്പം പാടാൻ മലയാളികൾക്ക് ഒരു ഗാനം കൂടി സ്വന്തമായി. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, അനു സിത്താര, ഷംന കാസീം, ലക്ഷ്മി റായി, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്തെ ആളുകളുടെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന വ്യക്തിയായാണ് മമ്മൂട്ടി എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മെമ്മറീസിന് ശേഷം ഇരുവരും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. പ്രദീപ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീത സംവിധാനം നിശ്ചയിച്ചിരിക്കുന്നത് ശ്രീനാഥാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ബിജിപാലാണ്.

മല്ലൂസിങ്ങ്, റോബിൻഹുഡ്, അച്ചായൻസ് തുടങ്ങി  ഒരുപാട്  ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.  ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ സഹസംവിധായകനായി എത്തുന്നത് നടൻ ഉണ്ണി മുകുന്ദനാണ്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് ഒരു കുട്ടനാടൻ ബ്ലോഗിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.