തെലുങ്കില്‍ സുന്ദരിയായി അനുപമ പരമോശ്വരന്‍; ‘ഹലോ ഗുരു പ്രേമ കൊസാമെ’ ടീസര്‍ കാണാം

September 20, 2018

ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും താരമിപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.

അനുപമ നായികയായെത്തുന്ന ‘ഹലോ ഗുരു പ്രേമ കൊസാമെ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അതീവ ഗ്ലാമറസായാണ് അനുപമ ചിത്രത്തിലെത്തുന്നത്. ടീസര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാല്‍പത് ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ ടീസര്‍ കണ്ടത്.

ത്രിനാഥ റാവു ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്ക് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ റാം പോത്തിനേനിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്. വിജയ് കെ. ചക്രവര്‍ത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദില്‍രാജു ആണ് നിര്‍മ്മാണം. ഒക്ടോബറില്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.