നിപ്പ വൈറസ് സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു

മാസങ്ങള്‍ക്ക് മുമ്പ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസും വെള്ളിത്തിരിയിലെത്തുന്നു. സംവിധായകന്‍ ആഷിഖ് അബുവാണ് നിപ്പ വൈറസ് ബാധയെക്കുറിച്ച് സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. വന്‍ താരനിരതന്നെയുണ്ട് ചിത്രത്തില്‍. ‘വൈറസ്‌’ എന്നാണ് ചിത്രത്തിന്റെ പേര്.

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്‌. ഒപിഎം ബാനറിലാണ് വൈറസിന്റെ നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

പരസ്യനിര്‍മ്മാതാവായി തന്റെ കലാജീവിതം ആരംഭിച്ചതാണ് ആഷിഖ് അബു. തുടര്‍ന്ന് ദീര്‍ഘകാലം പ്രശസ്ത സംവിധായകന്‍ കമലിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. 2011-ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012-ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.