പ്രഭുദേവയെപ്പോല്‍ നൃത്തം ചെയ്ത് ട്രാഫിക് നിയന്ത്രണം വീഡിയോ കാണാം

ട്രാഫിക് നിയന്തിക്കുന്നത് അത്ര നിസ്സാര കാര്യമൊന്നും അല്ല. വിവിധ ഇടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളെ കൃത്യമായി നിയന്ത്രിക്കുക ഒരല്പം പ്രയാസകരം തന്നെ. അപ്പോള്‍ നൃത്തം ചെയ്ത് ട്രാഫിക് നിയന്ത്രിക്കുന്നതോ? പറഞ്ഞുവരുന്നത് ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ചുതന്നെയാണ്. പ്രതാപ് ചന്ദ്ര കണ്ട്‌വാള്‍ എന്ന ട്രാഫിക് പോലീസുകാരന്‍. ആളെന്തായാലും വേറെ ലെവലാണ്. കിടിലന്‍ നൃത്തച്ചുവടുകളുമായാണ് ഇദ്ദേഹം ഗതാഗതം നിയന്തിക്കുന്നത്. പ്രഭുദേവയെപ്പോലെ നൃത്തം ചെയ്യുന്ന ട്രാഫിക് പോലീസുകാരന്‍ എന്നാണ് ഇദ്ദേഹത്തെ ഇന്നു പലരും വിശേഷിപ്പിക്കുന്നത് തന്നെ. ഇദ്ദേഹത്തിന്റെ നൃത്തവും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

33 വയസ്സാണ് പ്രതാപ് ചന്ദ്രയുടെ പ്രായം. എന്നാല്‍ പ്രായത്തെപ്പോലും വെല്ലുന്നതാണ് ഇദ്ദേഹത്തിന്റെ പ്രകടനം. ഒഡീഷ്യയിലെ ഭുവനേശ്വറിലാണ് പ്രതാപ് ചന്ദ്ര നൃത്തം ചെയ്തുകൊണ്ട് ട്രാഫിക് നിയന്ത്രിക്കുന്നത്. നിരവധി പേരും ഇദ്ദേഹത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ എന്‍ഐ ആണ് ഈ വൈറല്‍ ഡാന്‍സ് പ്രകടനം പുറത്തുവിട്ടത്.