ചിരിയുടെ പൊടിപൂരവുമായി ‘ജോണി ജോണി യെസ് അപ്പ’

September 25, 2018

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 26 ന് പുറത്തുവിടും. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരിക്കും ട്രെയിലര്‍ പുറത്തുവിടുക.

ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിത്തര, ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രത്തിനുണ്ട്. ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈശാഖ് രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രമാണെങ്കിലും നല്ലൊരു കുടുംബ ചിത്രം കൂടിയാണ് ‘ജോണി ജോണി യെസ് അപ്പ’ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ഒരുപിടി നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ ചിത്രത്തിനായ് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.