ആസിഫ് അലി നായകനാകുന്ന ‘മന്ദാരം’ പുതിയ പോസ്റ്റര്‍ കാണാം

September 17, 2018

മലയാളികളുടെ പ്രിയതാരം ആസിഫ് അലി നായകനായെത്തുന്ന മന്ദാരം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിജീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാരം. നേരത്തെ പുറത്തിറങ്ങിയ മന്ദാരത്തിന്റെ ട്രെയിലറില്‍ പ്രണയഭാവങ്ങളാല്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയാണ് മലയാളികളുടെ പ്രിയ താരം ആസിഫ് അലി. മികച്ച പ്രതികരണമാണ് ട്രെയിലറിനും ലഭിക്കുന്നത്.

മന്ദാരം എന്ന ചിത്രത്തില്‍ തികച്ചും വിത്യസ്തമായ മൂന്ന് ലുക്കിലാണ് ആസിഫ് അലി എത്തുന്നത്. ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അനാര്‍ക്കലി മരയ്ക്കാര്‍ ആണ് മന്ദാരത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാജിക് മൗണ്ടന്‍സ് സിനാമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം നായകന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്.

രണ്ടു നായികമാരുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റെ പ്രധാന ഭാഗവും മണാലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘അനിയത്തി പ്രാവു’പോലെ പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്ന ഒരു പ്രണയചിത്രമായിരിക്കുംമന്ദാരമെന്നും ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു. ഈ മാസം 28 ന് ചിത്രം തീയറ്ററുകളിലെത്തും.