കിടിലന്‍ ലുക്കില്‍ ലാലേട്ടന്‍: ഒടിയന്റെ പുതിയ പോസ്റ്ററിന് മികച്ച പ്രതികരണം

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍സാറ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്റെ പുത്തന്‍ ലുക്കിന് മികച്ച പ്രതികരണം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. ഒടിയന്റെ ഒടി വിദ്യകള്‍ കാത്തിരിക്കുകയാണ് മലയാള ചലച്ചിത്രലോകം. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് ഒടിയന്റെ സംവിധായകന്‍.

ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ പോസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറുപ്പക്കാരനായി ചിരി തൂകി നില്‍ക്കുന്ന ലാലേട്ടനാണ് പോസ്റ്ററിലുള്ളത്. ശ്രീകുമാര്‍ മേനോന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. ഒക്ടോബറിലായിരുന്നു ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ഉലച്ച പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ഡിസംബര്‍ 14 ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പുതിയ പ്രഖ്യാപനം. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഒടിയനിലെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും മികച്ച പ്രതികരണണാണ് ലഭിക്കുന്നത്. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.